Gulf

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി

Published

on

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. കൊലപാതകക്കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം. സതീഷ് ശങ്കറിനെതിരെ നിലവിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിലനിൽക്കും. ഈ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് ഒക്ടോബർ 14-ന് അന്വേഷണസംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

ഫ്.ഐ.ആർ. പ്രകാരം സതീഷിനെതിരെ ആരോപിക്കുന്ന കൊലപാതക കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുൻപ് സതീഷിന്റെ ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അതുല്യ കൊല്ലപ്പെട്ടതാണെന്നും അതിന് കാരണക്കാരൻ സതീഷാണെന്നുമാണ് അതുല്യയുടെ മാതാപിതാക്കൾ ചവറ തെക്കുംഭാഗം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം അവസാനമാണ് സതീഷിന്റെ മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയത്. തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും മൂന്ന് തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version