India

പഠിക്കാൻ പണമില്ല; വായിൽ പടക്കം വെച്ച് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

Published

on

ഭോപ്പാൽ: വായിൽ പടക്കം വെച്ച് പൊട്ടിച്ച് യുവാവ് ജീവനൊടിക്കിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഞായറാഴ്ചയാണ് ബ്രജേഷ് പ്രജാപതി (24) എന്ന യുവാവ് ജീവനൊടുക്കിയത്. കുടുംബത്തിൻ്റെ പഠനച്ചെലവ് താങ്ങാനാകാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പഠിക്കാൻ മിടുക്കാനായ യുവാവിനെ സാമ്പത്തികമായി സഹായിക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നുമാണ് റിപ്പോർട്ട്. വീട്ടിലെ ശുചിമുറിയിൽ കയറിയാണ് യുവാവ് കൃത്യം ചെയ്തത്. പൊട്ടിത്തെറി ശബ്ദം കേട്ട് എത്തിയ വീട്ടുകാരും സമീപവാസികളും ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പടക്കം പൊട്ടിയതിനെ തുടർന്നുണ്ടായ ഗുരുതരമായ മുറിവുകളാണ് യുവാവിൻ്റെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിൻ്റെ താടിയെല്ലിനും മൂക്കിനും ചുറ്റുമുള്ള എല്ലുകൾക്കും പരിക്കുകൾ സംഭവിച്ചിരുന്നു. ഗുരുതരമായ ഈ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ സിവിൽ സർജൻ ഡോ. ദിലീപ് സിംഗ് സികർവാർ പറഞ്ഞു.

യുവാവിൻ്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബി എസ് സി വിദ്യാർഥിയായ ബ്രജേഷ് പഠനത്തിൽ മികവ് പുലർത്തിയിരുന്നതായി സഹോദരൻ ഹൃദ്യേഷ് പറഞ്ഞു. നഗരത്തിലെ കോളേജിൽ പഠിക്കാൻ യുവാവ് ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി തിരിച്ചടിയായി. തുടർപഠനം സാധ്യമാകാത്തതിനാൽ യുവാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരാശയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പത്താം ക്ലാസിൽ 82 ശതമാനം മാർക്ക് നേടിയാണ് ബ്രജേഷ് വിജയിച്ചതെന്ന് അയൽവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version