ജിദ്ദ: ഉടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഞെട്ടിച്ചിരിക്കുന്നത്.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 സൗദി റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. വണ്‍ വേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്ര കുറഞ്ഞ നിരക്ക് സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് ടിക്കറ്റിങ് രംഗത്തുള്ളവര്‍ പറയുന്നു.
ദമാമില്‍ നിന്ന് കരിപ്പൂരിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 റിയാലിന് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. ഓഗസ്റ്റ് 08, 15, 16, 20 22, 23, 29 തിയ്യതികളിലാണ് ഈ നിരക്കുകള്‍ കാണിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ ദമാമില്‍ നിന്ന് 350, 450 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്.
ദമാമില്‍ നിന്ന് രാത്രി 12.10നാണ് ഈ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. രാവിലെ 7.05ന് എത്തിച്ചേരും. ഹാന്‍ഡ് ബാഗേജിനു പുറമേ 30 കിലോ വരെ ലഗേജും സൗജന്യമാണ്.
ദമാമില്‍ നിന്ന് കൊച്ചിയിലേക്കും 240 റിയാലിന് ടിക്കറ്റുകള്‍ കിട്ടാനുണ്ട്. ഈ മാസം 8, 15, 22, 29 തിയ്യതികളിലാണിത്. ദമാം-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ ഒരു ദിവസം മാത്രമാണുള്ളത്. എന്നാല്‍ ഈ മാസം മാത്രമാണ് നിരക്കില്‍ വലിയ കുറവ് കാണിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 500 റിയാലിന് മുകളിലാണ് റേറ്റ്.
ഓഗസ്റ്റ് മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി യാത്രക്കാര്‍ വളരെ കുറവായതിനാലാണ് നാട്ടിലേക്കുള്ള ടിക്കറ്റ് റേറ്റില്‍ കുറവ് വരുന്നത്. രണ്ടു മാസത്തെ സ്കൂള്‍ അവധിക്കാലത്തിന് നാട്ടില്‍ പോയവര്‍ തിരിച്ചെത്തുന്ന സമയമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് ഉയര്‍ന്നുതന്നെ നില്ക്കുന്നു. ഇന്‍ബൗണ്ട് യാത്രികരുടെ എണ്ണം ധാരാളമുള്ളതിനാല്‍ ഈ സമയം ഇന്ത്യയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഉയര്‍ന്ന നിരക്ക് തന്നെ നല്‍കേണ്ടിവരും.
കഴിഞ്ഞ മാസം ആദ്യത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരുന്ന നിരക്ക് ജൂലൈ 15നു ശേഷമാണ് കുറഞ്ഞുതുടങ്ങിയത്. ഇനി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 10 വരെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. ആഗസ്ത് 29ന് ഓണമായതിനാല്‍ ഈ സമയത്ത് യാത്ര ഉദ്ദേശിക്കുന്നവര്‍ പണം കൂടുതല്‍ നല്കി ടിക്കറ്റെടുക്കേണ്ടി വരും.
ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തിലും ജൂലൈ ആദ്യ രണ്ട് ആഴ്ചകളിലും ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ വിമാനക്കൂലി 30% കുറഞ്ഞതായി ട്രാവല്സുകാര് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ മാസം അവസാനത്തോടെ വീണ്ടും പഴയതുപോലെ ഉയരുകയും ചെയ്യും. ഓഗസ്റ്റ് മാസത്തില്‍ അവധിക്കാല ടൂര്‍ പാക്കേജുകളുടെയും വില കുറഞ്ഞതായി ടിക്കറ്റിങ് മേഖലയിലുള്ളവര്‍ പറഞ്ഞു.
അതേസമയം, വിദേശത്തു നിന്ന്് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ഭീമമായതിനാല്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടും പലരും തിരിച്ചെത്തിയിട്ടില്ല. നിരക്ക് കുറയുന്ന ഈ മാസം പകുതിക്ക് ശേഷം യാത്രതിരിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. വേനലവധിക്കാലത്തിന്റെ ആദ്യത്തില്‍ സ്വന്തം നാട്ടിലേക്ക് പോയവര്‍ ഇപ്പോള്‍ മടങ്ങിയെത്തുന്നുണ്ട്. ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള റേറ്റ് മൂന്നിരട്ടിയോളം കൂടുതലാണ്. ഈ വര്‍ഷം ബലിപെരുന്നാള്‍ അവധിയും സ്കൂള്‍ അവധിക്കാലത്ത് ലഭിച്ചതിനാല്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോയിരുന്നു.