“നീ എന്തിനാ ആ കുട്ടികളെ കൊന്നത്?”
“വിശക്കുന്നു സാബ്…, എനിക്ക് ബിസ്ക്കറ്റ് വേണം.”
പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെടുമ്പോൾ ഒരു സാധാരണ കുട്ടിയുടെ മുഖത്തുണ്ടാകുന്ന ഭയമോ പരിഭ്രാന്തിയോ ഒന്നും അവനുണ്ടായിരുന്നില്ല. നരച്ചു തുടങ്ങിയ, കറപിടിച്ച വെള്ള ബനിയൻ ധരിച്ച ആ ബാലനെ നോക്കി അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചു
“നിന്റെ പേരെന്താണ്?”
“സദാ സാബ്.. അമർജീത് സദാ..”
അമർജീത് സദാ. വയസ്സ് ആറ്. ആരോപിക്കപ്പെട്ട കുറ്റം കൊലപാതകം. ഒന്നല്ല, രണ്ടല്ല, മൂന്ന് കൊലപാതകങ്ങൾ!
1998-ൽ ബീഹാറിലെ മുഷാഹറിലായിരുന്നു സദായുടെ ജനനം. ദരിദ്രരായ മാതാപിതാക്കൾക്ക് അമർജീതിന്റെ ജനനം വലിയ ആശ്വാസമായിരുന്നു. അവരുടെ ആഹ്ലാദത്തിന്റെ വലിപ്പം കെടാവിളക്ക് എന്നർത്ഥം വരുന്ന അമർജീത് എന്ന പേരിൽത്തന്നെ പ്രതിഫലിക്കുന്നത് കാണാം. എന്നാൽ കാത്തിരുന്നു കിട്ടിയ കുഞ്ഞ് ഏഴു വർഷത്തിനുള്ളിൽ തന്റെ സ്വന്തം വീടിനെയും അയൽവീടുകളേയും ഇരുട്ടിലേക്ക് തള്ളിവിടുമെന്ന് അവർ കരുതിയിരുന്നില്ല. സാധാരണ കുട്ടികളെപ്പോലെ തന്നെ വികൃതിയും കുസൃതിയും എല്ലാം നിറഞ്ഞതായിരുന്നു സദായുടെ കുട്ടിക്കാലം.
അവന് അന്ന് അഞ്ച് വയസ്സായിരുന്നു പ്രായം. ഒരു ദിവസം പതിവുപോലെ പുറത്ത് കളിക്കാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിപ്പോയ അവൻ തിരികെ വന്നത് ഉടുപ്പിൽ കറകളും കാൽമുട്ടിൽ പരിക്കുമായിട്ടായിരുന്നു. അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മ അവനോട് കാര്യം തിരക്കിയെങ്കിലും മറുപടിയൊന്നും നൽകാതെ ഒഴിഞ്ഞുമാറി. പരിക്ക് പറ്റിയതാകുമെന്ന് കരുതിയെങ്കിലും സദാ കരയുന്നതായി അവർ ശ്രദ്ധിച്ചില്ല. മകന് ദുഷ്ടശക്തികളിൽ നിന്ന് രക്ഷകിട്ടാൻ അമ്മ അടുത്ത ദിവസം തന്നെ ഹനുമാൻ സ്വാമിയുടെ അമ്പലത്തിൽ പോയി പൂജാരിയെ കണ്ട് തകിട് ജപിച്ച് വാങ്ങിവന്നു. തകിട് ധരിക്കാൻ വിസമ്മതിച്ചെങ്കിലും സ്വാമിയുടെ സമ്മാനമാണെന്ന് പറഞ്ഞായിരുന്നു സദായെ അമ്മ വിശ്വസിപ്പിച്ചത്.
പ്രായം കൂടുന്തോറും അവൻ ആരോടും സംസാരിക്കാതെയായി. സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. മോഷണവും അവന് വിനോദമായി മാറി. സദായ്ക്ക് ഏഴ് വയസ് തികഞ്ഞ വർഷം. ആസമയത്തായിരുന്നു സദായുടെ അമ്മയുടെ സഹോദരി തന്റെ കുഞ്ഞിനെ സദായുടെ വീട്ടിൽ ഏൽപിക്കുന്നത്. ഒരു മാസത്തേക്ക് തന്റെ കുഞ്ഞിനെ നോക്കണമെന്ന് അവർ സദായുടെ അമ്മയെ പറഞ്ഞേൽപ്പിച്ചു. കുഞ്ഞനുജനെ കണ്ടതിൽ സദായ്ക്ക് സന്തോഷമുണ്ടാകുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചത്.
ദിവസങ്ങൾ കഴിഞ്ഞു. സദാ പതിവുപോലെ കുഞ്ഞനുജനോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല. ഒരുദിവസം സദായെ അടുത്ത് വിളിച്ച് താൻ ചന്തയിൽ പോകുകയാണെന്നും കുഞ്ഞിനെ നോക്കണമെന്നും അമ്മ പറഞ്ഞു. തലയാട്ടിയതല്ലാതെ സദാ മറുപടിയൊന്നും പറഞ്ഞില്ല. അമ്മ പോകുന്നത് നോക്കി അവൻ വേലിക്കൽ തന്നെ നിന്നു. അകത്ത് മുറിയിൽ ആറ് മാസം പ്രായമുള്ള തന്റെ അനുജൻ നല്ല ഉറക്കത്തിലായിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ നോക്കി സദാ അൽപസമയം നിന്നു. അവന്റെ ഉള്ളിൽ വല്ലാത്തൊരു കുസൃതിക്കുള്ള വിത്തുമുളച്ചതും അവിടെനിന്നായിരുന്നു.
കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചെവി അമർദീപ് അമർത്തിയൊന്നു നുള്ളി. ഞെട്ടിയുണർന്ന കുഞ്ഞ് മുളചീന്തുന്ന സ്വരത്തിൽ കരഞ്ഞുവിളിച്ചു. ഉദ്ദേശ്യം പൂർത്തിയായതോടെ സദാ ഉറക്കെ ചിരിച്ചു. പിന്നീടങ്ങോട്ട് കുഞ്ഞിന്റെ കരച്ചിൽ അവന് ഹരമായി മാറി. ചെവിക്കു പിന്നാലെ വയറിലും കാലിലുമെല്ലാം സദാ കുഞ്ഞിനെ നുള്ളി. വേദന സഹിക്കാനാവാതെ കുഞ്ഞ് കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. കുട്ടികൾ കരയുമെന്നതിനാലും നോക്കാൻ വീട്ടിൽ ആളുണ്ടാകുമല്ലോ എന്ന ധാരണയുള്ളതിനാലുമാകണം, സമീപവാസികളൊന്നും അതത്രഗൗനിച്ചില്ല.
കുഞ്ഞിന്റെ നിലവിളിശബ്ദം ഉയരുന്നതനുസരിച്ച് സദായുടെ ആവേശവും കൂടിവന്നു. അവൻ കുഞ്ഞിന്റെ മുഖത്ത് കൈകൊണ്ട് ആഞ്ഞടിച്ചു. ശ്വാസം ലഭിക്കാത്ത വിധം മൂക്ക് അമർത്തിപ്പിടിച്ചു. നിലവിളിയില്ലാതാക്കാൻ സദാ കുഞ്ഞിന്റെ തൊണ്ടക്കുഴിയിൽ രണ്ടുവിരലുകളും ചേർത്ത് ശക്തമായി ഞെക്കി. കുഞ്ഞിന്റെ മുഖം നീലിച്ചു. ശബ്ദം നേർത്തു. പിടച്ചിലുകൾ ഇല്ലാതായി. ഇതെല്ലാം കണ്ട് സദാ പൊട്ടിച്ചിരിച്ചു.
കുഞ്ഞിന്റെ അനക്കമില്ലാതായതോടെ സദാ അവനെ കയ്യിലെടുത്തു. വീടിന് പിറകിലുള്ള കൃഷിയിടത്തിലേക്ക് പാടുപെട്ട് നടന്നു. പുറത്ത് നന്നേ ചൂടുണ്ടായിരുന്നു. സദാ കുഞ്ഞിനെ ചുട്ടുപൊള്ളുന്ന മണ്ണിൽകിടത്തി. സമീപത്തുകിടന്ന ഇഷ്ടികയെടുത്ത് കുഞ്ഞിന്റെ തലയിൽ ആഞ്ഞടിച്ചു. ആറുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ഉറച്ചുതുടങ്ങിയിട്ടില്ലാത്ത ആ തലയോട്ടി ആദ്യത്തെ അടിക്കുതന്നെ പിളർന്നു. അവിടമാകെ രക്തം തളംകെട്ടി. താമസിയാതെ സദാ അടുത്തുകിടന്ന ഒരു കമ്പ് കൊണ്ട് നിലത്ത് കുഴി കുത്തി. ആ കുഞ്ഞിനെ മറവുചെയ്യാൻ മാത്രം ആഴം ആയപ്പോൾ അവൻ അതിനെ മെല്ലെ ആ കുഴിയിലേക്ക് വെച്ചു. എന്നിട്ടു മണ്ണിട്ട് മൂടി. അതിനുമേൽ ആ കമ്പും ഇഷ്ടികയും വെച്ച ശേഷം തിരിച്ചു നടന്നു.
ചന്തയിൽ പോയ അമ്മ തിരികെ വന്നപ്പോൾ സദാ തന്റെ പൊട്ടിയ പ്ലാസ്റ്റിക് കാറും മടിയിൽ വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്തെ മുറിയിൽ കയറിയ അമ്മ അനുജത്തിയുടെ കുഞ്ഞിനെ തിരഞ്ഞു. അവനെ കിടത്തിയിരുന്ന കിടക്ക ശൂന്യമായിരുന്നു. അവർ പരിഭ്രാന്തിയോടെ സദായുടെ അടുതത്തേക്ക ഓടി. കുഞ്ഞെവിടെയെന്ന് ചോദിച്ചു. നിറഞ്ഞ ചിരിയായിരുന്നു സദാ അമ്മയ്ക്ക് നൽകിയ മറുപടി. കാര്യം മനസ്സിലാവാതെ അവർ വീണ്ടും വീണ്ടും ചോദ്യമാവർത്തിച്ചു.
“കുഞ്ഞിനെ ഞാൻ കൊന്നുകളഞ്ഞു അമ്മേ, നല്ല രസമായിരുന്നു…” നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു.
സദായുടെ മറുപടി കേട്ട് ആ സ്ത്രീ സ്തംഭിച്ചുനിന്നു. “അവൻ തമാശ പറഞ്ഞതാണോ? മോൻ വീട്ടിൽത്തന്നെ എവിടേലും ഉണ്ടോ? അതോ അവൻ കാണാത്തപ്പോൾ എങ്ങാനും ഇഴഞ്ഞ് പുറത്തേക്ക് പോയിക്കാണുമോ?” അത്തരം സാധ്യതകളെക്കുറിച്ചൊക്കെ അവർ അപ്പോൾ മനസ്സിലോർത്തു. “മോനെ ഇനി ഞാൻ എവിടെപ്പോയി തപ്പും. അവളോട് ഞാൻ എന്തുത്തരം പറയും” തുടങ്ങി അവരുടെ മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു.
മകൻ കള്ളം പറഞ്ഞതാകുമെന്ന പ്രതീക്ഷയിൽ അവർ സദായെ വീണ്ടും ചോദ്യം ചെയ്തു. മിഠായി തരാമെന്നും കളിപ്പാട്ടങ്ങൾ വാങ്ങി നൽകാമെന്നും പറഞ്ഞിട്ടും സദാ തന്റെ വാക്ക് മാറ്റിയില്ല. അവനെ താൻ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു ചോദ്യങ്ങൾക്കൊടുവിൽ സദാ പറഞ്ഞ മറുപടി. മകന്റെ മറുപടിയിൽ അമ്മ തെല്ലൊന്നു സന്തോഷിച്ചു. അവൻ കുഞ്ഞാണെന്നും ഒളിച്ചുകളിക്കാൻ പ്രായമായിട്ടില്ലെന്നും അമ്മ സ്നേഹത്തോടെ സദായെ പറഞ്ഞുമനസ്സിലാക്കി. ഒളിച്ചുവെച്ച സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് സദാ സ്നേഹത്തോടെ അമ്മയുടെ കൊപിടിച്ച് പുറത്തേക്ക് നടന്നു.
അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അമർദീപ് നടന്നു ചെന്നത് വീടിനു പിന്നിലെ കൃഷിയിടത്തിലേക്കാണ്. അവിടെ എത്തിയപ്പോൾ അവൻ നിന്നു. പൊരിവെയിലിൽ കുഞ്ഞിനെ പുറത്തു കിടത്തിയതിന് സദായെ അമ്മ അന്ന് പൊതിരെ വഴക്കുപറഞ്ഞു. പടർന്നുപിടിച്ച ചെടികൾക്കിടയിലൂടെ അവർ കുഞ്ഞിനെ അന്വേഷിച്ചു നടന്നു.
“ഇനി നോക്കണ്ട അമ്മേ, അവൻ ഇവിടെയാണ്.”
താഴെയൊരു ചെറു മൺകൂന ചൂണ്ടി സദാ അമ്മയോട് പറഞ്ഞു. അവർ വല്ലാതെ പരിഭ്രമിച്ചു. മണ്ണുനീക്കി കുഴിലിലേക്ക് നോക്കിയ അവർ കണ്ടത് രക്തത്തിൽ കുളിച്ച് ചേതനയറ്റ കുഞ്ഞിന്റെ ശരീരമായിരുന്നു. സദാ അപ്പോഴും അമ്മയെ നോക്കി നിറചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.
സദായുടെ അച്ഛനും അമ്മയും വിവരം പുറത്തറിയാതെ സൂക്ഷിച്ചു. ദിവസങ്ങൾക്കു ശേഷം സഹോദരി മടങ്ങിയെത്തിയപ്പോൾ കരഞ്ഞു കൊണ്ട് വിവരങ്ങൾ അറിയിച്ചതല്ലാതെ അവർക്ക് മറുത്തൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സദാ കുഞ്ഞാണെന്നും അറിയാതെ സംഭവിച്ചതാണെന്നും അവർ സഹോദരിയെ പറഞ്ഞു മനസ്സിലാക്കി. പുറത്തു പറയരുതെന്നും കുഞ്ഞിന്റെ ഭാവിക്ക് അത് ദോഷം ചെയ്യുമെന്നും അവർ പറഞ്ഞു. ആ അരുംകൊല അന്ന് ആ വീടിന്റെ ചുമരുകൾക്കുള്ളിലൊതുങ്ങി.
മാസങ്ങൾക്ക് ശേഷം സദായുടെ അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇത് നിന്റെ അനിയത്തിയാണെന്നും അവളെ നീ വേണം സംരക്ഷിക്കാനെന്നും മാതാപിതാക്കൾ അവനെ നിരന്തരം ഓർമപ്പെടുത്തി. പക്ഷേ സ്നേഹത്തോടെ സദാ തന്റെ അനുജത്തിയെ നോക്കിയതേയില്ല. അച്ഛനും അമ്മയും താനുമടങ്ങുന്ന ലോകത്തേക്ക് ഇടിച്ചുകയറിവന്ന ഒരു അപരിചിത. അത് മാത്രമായിരുന്നു അവന് അനുജത്തി.
സഹോദരിയുടെ മകന് സംഭവിച്ച ക്രൂരതയെ അവർ അത്രപെട്ടെന്ന് മറന്നിരുന്നില്ല. അതുകൊണ്ട് പ്രത്യേകം സദായുടെ കാര്യത്തിൽ കുടുംബം ശ്രദ്ധ പുലർത്തിയിരുന്നു. പതിവുപോലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിന് ഭക്ഷണം നൽകി അവർ ഉറക്കത്തിലേക്കാണ്ടു. മകൾ സമീപത്തുണ്ടെന്നും ഉറങ്ങുകയാണെന്നുമുള്ള ആശ്വാസത്തിൽ അമ്മയും മയങ്ങി. മകൾക്കന്ന് എട്ടുമാസമാണ് പ്രായം.
പുറത്തെവിടെയോ അലഞ്ഞുതിരിഞ്ഞു നടന്ന് എപ്പോഴോ അമർദീപ് വീട്ടിനുള്ളിലേക്ക് വന്നു കയറി. അനുജത്തി കിടക്കുന്ന കിടക്കയ്ക്കരികിലെത്തി. ചേട്ടനെ അവൾക്ക് നേരിയ ഒരു പരിചയം വന്നുതുടങ്ങിയിരുന്നു. അവന്റെ മുഖം കണ്ടതും അവൾക്ക് സന്തോഷമായി. സദാ കൊതുകത്തോടെ അനുജത്തിയെ നോക്കി കിടക്കയ്ക്കരികിലിരുന്നു. ചേട്ടനെ കണ്ട സന്തോഷത്തിൽ അവൾ കൈകാലുകൾ വേഗത്തിലിട്ടടിച്ചു. സദാ ചിരിച്ചുകൊണ്ട് അവളുടെ തൊണ്ടക്കുഴിയിൽ വിരലിറക്കി ഞെരിച്ചു. നിമിഷനേരം കൊണ്ട് അവളും നിശ്ചലമായി. വിശേഷിപ്പിച്ച് പ്രകോപനമൊന്നുമില്ലാത്ത കൊലപാതകം.
നിമിഷനേരത്തെ ആ വിനോദത്തിനു ശേഷം അവൻ വീണ്ടും തന്റെ പൊട്ടിപ്പോയ പ്ലാസ്റ്റിക് കാർകൊണ്ടുള്ള കളി തുടർന്നു. ഉറക്കമുണർന്ന അമ്മ മകൾക്ക് പാലുകൊടുക്കാൻ മടിയിലിരുത്തി. അനക്കിമില്ലാതെ വന്നതോടെ മകളെ കൂടുതൽ ശക്തിയിൽ കുലുക്കിവിളിച്ചു. അവൾക്ക് പക്ഷേ അനക്കമൊന്നും ഉണ്ടായില്ല. മുറിയിൽ നിന്ന് പുറത്തേക്കോടിയ അവർ ചലനമറ്റ മകളുടെ ശരീരം ചേർത്തുപിടിച്ച് സദായെ നോക്കി. അവൻ ചിരിക്കുന്നുണ്ടായിരിരുന്നു. താൻ അവളെയും ഇല്ലാതാക്കി എന്ന അർത്ഥത്തിൽ അവൻ അമ്മയെ ആഴത്തിലൊന്നു നോക്കി. എന്തിനാണ് മകളെ കൊന്നതെന്ന ചോദ്യത്തിന് വെറുതെ എന്നായിരുന്നു സദായുടെ മറുപടി.
കരച്ചിൽ ശക്തിയായി. അയൽവാസികൾ വിവരമറിഞ്ഞ് ഓടിയെത്തി. എട്ടുവയസുകാരൻ അനിയത്തിയെ കൊന്നുവെന്ന വാർത്ത തീപോലെ പടർന്നു. എന്നിരുന്നിലും സദാ കുഞ്ഞാണെന്നും അവന് മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അയൽവാസികളും ആ വാർത്ത സൗകര്യപൂർവം ഒതുക്കി. രണ്ടാം തവണയും കൊലപാതകത്തിൽ പിടിക്കപ്പെടാതിരുന്നത് സദായ്ക്കും കൂടുതൽ ഊർജം നൽകിയിരിക്കണം.
മൂന്നാം തവണ സദാ കവർന്നത് അയൽവാസിയായ എട്ടുവയസ് പ്രായമായ കുഞ്ഞിന്റെ ജീവനായിരുന്നു. റേഷൻ കടയിൽ അരിവാങ്ങാൻ പോയ സമയത്തായിരുന്നു അയൽവാസികളായ ദമ്പതികളുടെ മകൾ ഖുശ്ബുവിനെ സദാ കൊലപ്പെടുത്തിയത്. ഖുശ്ബുവിനെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ കിടത്തി ഉറക്കിയിട്ടാണ് അവർ ഇറങ്ങിയത്. തിരിച്ചുവന്നപ്പോൾ മകൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ അവർ സദായുടെ വീട്ടിലെത്തി. പതിവുപോലെ പൊട്ടിയ പ്ലാസ്റ്റിക് കാറുമായി കളിയിലായിരുന്നു സദാ. അന്നും അവന്റെ മുഖത്ത് പതിവില്ലാത്ത ചിരിയുണ്ടായിരുന്നു. ഖുശ്ബുവിനെ എന്തുചെയ്തുവെന്ന ചോദ്യം എന്നത്തേയും പോലെ നിറഞ്ഞ ചിരിയായിരുന്നു അവന്റെ മറുപടി.
വളരെ അഭിമാനത്തോടെയാണ് താൻ അവളെ കൊന്നുവെന്ന് അവൻ സമ്മതിച്ചത്. എന്തോ വലിയ കാര്യം ചെയ്ത ആവേശമായിരുന്നു അവന്റെ ശബ്ദത്തിൽ. തലക്കടിച്ചു കൊന്ന് കുഴിച്ചുമൂടിയ മൺകൂനയ്ക്കരികിലേക്ക് ഗ്രാമീണരെ കൊണ്ടുപോയതും അമർദീപ് തന്നെയായിരുന്നു. കുഴിയുണ്ടാക്കി, ഖുശ്ബുവിനെ അതിലിട്ട്, മണ്ണുകൊണ്ട് കുഴിമൂടി, മണ്ണിൽ രണ്ടുമൂന്നു ചെടികളും അവൻ നട്ടിട്ടുണ്ടായിരുന്നു.
ഖുശ്ബുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു അന്ന് കൊച്ചുകുറ്റവാളിയുടെ വിവരങ്ങൾ മുൻനിര വാർത്താ മാധ്യമങ്ങളിലടക്കം ഇടംപിടിക്കുന്നതും പുറംലോകം അറിയുന്നതും.
അന്വേഷണ ഉദ്യോഗസ്ഥനായ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ഇൻസ്‌പെക്ടർ ശത്രുഘ്നൻ കുമാറിനോട് കഥകളെല്ലാം വിവരിച്ചതും അമർദീപ് സദാ തന്നെയായിരുന്നു. ബിസ്ക്കറ്റ് കഴിച്ച് ലാഘവത്തോടെ കഥ പറയുന്ന കുട്ടി, അതായിരുന്നു അവർക്കന്ന് സദാ.
അമർദീപ് എന്തിന് ഈ മൂന്നു കുഞ്ഞുങ്ങളെയും കൊന്നു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ‘കണ്ടക്റ്റ് ഡിസോഡർ’ എന്ന അപൂർവമായ ഒരു മാനസികരോഗത്തിന് അടിമയായ സദാ ഇങ്ങനെയുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്ന് പിന്നീട് ഒരു സൈക്കോ അനലിസ്റ്റ് കണ്ടെത്തിയിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞവരെയാണ് അവൻ കൊന്നത്. എതിർക്കാനുള്ള കഴിവില്ലാത്തവരായിരുന്നു സദായുടെ ഇരകൾ.
പിടിക്കപ്പെടുമ്പോൾ സദായ്ക്ക് പത്തുവയസ്സുപോലും പ്രായമില്ല. കൊലക്കുറ്റം ചുമത്തി സദായെ ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടയ്ക്കാനോ വധശിക്ഷയ്ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. മൂന്ന് അരുകൊലകൾ ചെയ്ത സദായ്ക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് മാത്രമായിരുന്നു ശിക്ഷ. സദാ വീണ്ടും സ്വതന്ത്രനാക്കപ്പെട്ടു. വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, അവന്റെ മോചനത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ജനരോഷം ഭയന്ന് സർക്കാർ പുറത്തുവിട്ടില്ല. എല്ലാം അതീവരഹസ്യമായിരുന്നു.
സദായ്ക്ക് ഇന്ന് ഏകദേശം 25 വയസ്സിനോടടുത്ത് പ്രായമുണ്ടാകും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സദായെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഊരും പേരും മാറ്റി അവൻ ഇന്നും നമുക്കിടയിൽ എവിടെയൊക്കെയോ ജീവിക്കുന്നുണ്ടാകാം.