പട്യാല: പഞ്ചാബിൽ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സ്ത്രീയെ
വെടിവച്ചുകൊന്നു. പർവീന്ദർ കൗറാണ് കൊല്ലപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് താനങ്ങനെ ചെയ്തതെന്ന് പ്രതി നിർമൽജിത് സിങ് സൈനി പറഞ്ഞതായി പൊലീസ് അറിയിച്ചു.
ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ സരോവരത്തിന് സമീപത്തിരുന്ന് പർവീന്ദർ കൗർ മദ്യപിച്ചെന്നാണ് ആരോപണം. മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൌറിനെ ചിലർ ഗുരുദ്വാര മാനേജരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. മാനേജരുടെ മുറിയിൽ നിന്ന് പൊലീസുകാർക്കൊപ്പം പുറത്തുവന്നപ്പോഴാണ് നിർമൽജിത് സിങ് വെടിവെച്ചത്. ലൈസൻസുള്ള തന്റെ റിവോൾവർ ഉപയോഗിച്ച് അക്രമി കൗറിന് നേരെ അഞ്ചു തവണ വെടിയുതിർത്തതായി പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വരുൺ ശർമ പറഞ്ഞു. സംഭവസ്ഥലത്തു തന്നെ കൗർ മരിച്ചു.
ഗുരുദ്വാരയിലെ സ്ഥിരം സന്ദർശകനാണ് നിർമൽജിത് സിങ്. ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയെന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മദ്യത്തിന് അടിമയായ കൗർ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൗറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും എത്തിയില്ല. കൗർ എവിടെയാണ് താമസിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.