Gulf

സൗദിയില്‍ വേദനസംഹാരി കൈവശംവച്ചാല്‍ ജയിലിലാവുമോ? ഓര്‍മപ്പെടുത്തലായി പ്രഭാകരന്‍ ഇസാക്കിന്റെ അനുഭവംസൗദിയില്‍ വേദനസംഹാരി കൈവശംവച്ചാല്‍ ജയിലിലാവുമോ? ഓര്‍മപ്പെടുത്തലായി പ്രഭാകരന്‍ ഇസാക്കിന്റെ അനുഭവം

Published

on

റിയാദ്: സൗദി അറേബ്യയില്‍ വേദനസംഹാരി കൈവശംവച്ചതിന് ജയിലിലായ മലയാളി രണ്ടു മാസത്തിന് ശേഷം മോചതിനായി. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്.

നാട്ടിലെ ഡോക്ടര്‍ കുറിച്ച പെയിന്‍ കില്ലര്‍ ലഗേജില്‍ ഉണ്ടായിരുന്നതാണ് പാലക്കാട് സ്വദേശിയായ പ്രഭാകരന്‍ ഇസാക്കിന് വിനയായത്. സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്നാണ് ഇതെന്ന് അറിയാതെയാണ് കൊണ്ടുവന്നത്.

നാട്ടിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞു. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്.

അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുന്നതിനിടെ ബസ് യാത്രയ്ക്കിടെയാണ് പ്രഭാകരനെ അറസ്റ്റ് ചെയ്യുന്നത്. തബൂക്കില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ബസ്സില്‍ നടത്തിയ പരിശോധനയിലാണ് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് ലഗേജില്‍ കണ്ടെത്തുന്നത്.

വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണെന്ന് അന്വേഷണ സംഘം മുമ്പാകെ പറഞ്ഞുവെങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി.

ബന്ധപ്പെട്ടവര്‍ അറിയിച്ചതു പ്രകാരം ഹാഇല്‍ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ഭാരവാഹി പി എ സിദ്ദീഖ് മട്ടന്നൂര്‍ ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമമാരംഭിച്ചു. കേസില്‍ ഇടപെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ അനുമതിപത്രം വാങ്ങിയ സിദ്ദീഖ് സൗദി അധികാരികളുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കുകയും നിരപരാധിത്വം ബോധിപ്പിക്കുകയും ചെയ്തു. ലാബ് പരിശോധനാ റിപോര്‍ട്ട് കൂടി അനുകൂലമായതോടെ മോചനം സാധ്യമായി.

മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികളും സന്ദര്‍ശകരും ഡോക്ടറുടെ കുറിപ്പടിയും പ്രിസ്‌ക്രിപ്ഷന്‍ ലെറ്ററും കൈവശം സൂക്ഷിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സ്ഥിരമായി ഓര്‍മപ്പെടുത്താറുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഏതാനും മലയാളികള്‍ ഇത്തരത്തില്‍ കേസില്‍ അകപ്പെടുകയും ഏറെ ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version