India

‘പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരും’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പേടകം ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ന് രാവിലെ 11.50നാണ് ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്. പിഎസ്എല്‍വി- സി57 റോക്കറ്റാണ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്. ആദ്യ നാലുഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇനിയുള്ളത് ഭ്രമണപഥം ഉയർത്തലാണ്. ഹാലോ ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ ആദിത്യ എൽ1.

നാല് മാസമെടുത്താകും പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം സന്തുലിതമായ ഈ പോയിന്റില്‍ നിന്നാകും ആദിത്യ എല്‍1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകള്‍ ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രയാന്‍ മൂന്നിന് പിന്നാലെ ആദിത്യ എല്‍1 കൂടി വിജയിച്ചാല്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒയ്ക്കും അത് വലിയ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version