Sports

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമോ? ഈ സീസണ് ശേഷം താരത്തിന്റെ കരാർ അവസാനിക്കും; ആശങ്കയിൽ ആരാധകർ

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ചരിത്രത്തിൽ ഏറ്റവും ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (Kerala Blasters FC). ഏഷ്യയിൽ ഇൻസ്റ്റഗ്രാം ഇൻട്രാക്ഷൻ ഏറ്റവും കൂടുതലുള്ള രണ്ടാമത് ക്ലബ്ബാണ് അവർ എന്നതും ശ്രദ്ധേയം. പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ എഫ് സി മാത്രമാണ് ഇക്കാര്യത്തിൽ കൊമ്പന്മാർക്ക് മുന്നിലുള്ളത് എ‌ന്നതും എടുത്തുപറയണം

കൊച്ചി ആസ്ഥാനമായുള്ള, കൊമ്പന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ പേരിനുപോലും ഒരു ട്രോഫി സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 2023 – 2024 സീസണിൽ കിരീട ദൗർഭാഗ്യത്തിന് കൊച്ചി ക്ലബ് വിരാമിടുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ, മഞ്ഞപ്പയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി വിശേഷിപ്പിക്കപ്പെടുന്ന യുറുഗ്വെയുടെ അഡ്രിയാൻ ലൂണ ക്ലബ് വിടുമോ എന്ന ആശങ്കയും അതിനിടെ ആരാധകർക്കുണ്ട്.

31 കാരനായ അഡ്രിയാൻ ലൂണ 2021 ജൂലൈയിലാണ് കൊച്ചി ആസ്ഥാനമായ ക്ലബ്ബിലെത്തിയത്. ആദ്യ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ചതിലും തുടർന്ന് 2022 – 2023 സീസണിൽ പ്ലേ ഓഫിൽ എത്തിച്ചതിലും അഡ്രിയാൻ ലൂണയുടെ പങ്ക് വലുതാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെ സെർബിയൻ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ ഈ യുറുഗ്വെൻ താരത്തിനു ചുറ്റിലുമായിട്ടാണ് എന്നതും വാസ്തവം. കൊമ്പന്മാരുടെ ഏറ്റവും വലിയ ദൗർബല്യമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നതും ഇതുതന്നെ.

ആവശ്യ സമയത്ത് അഡ്രിയാൻ ലൂണ ഗോൾ നേടാൻ ഉള്ളതാണ് 2023 – 2024 സീസണിലും മഞ്ഞപ്പടയുടെ ആശ്വാസം. ഈ സീസണിൽ ഇതുവരെ മൂന്ന് ഗോളും രണ്ട് അസിസ്റ്റും അഡ്രിയാൻ ലൂണ നടത്തി. ഐ എസ് എൽ പത്താം സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത് ഈ പ്ലേ മേക്കറാണ് എന്ന കണക്ക് അദ്ദേഹത്തിന്റെ വില വെളിപ്പെടുത്തുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2024 മേയ് 31 ന് അഡ്രിയാൻ ലൂണയുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരാർ അവസാനിക്കും. അതുകൊണ്ടുതന്നെ ഈ സീസൺ അവസാനിക്കുമ്പോൾ താരം കൊച്ചി വിട്ടുപോകും എന്ന ആശങ്ക ആരാധകരിൽ ഉടലെടുത്തു കഴിഞ്ഞു. പറ്റിയാൽ കേരള ബ്ലാസ്‌റ്റേഴ്‌സിൽ വെച്ച് വിരമിക്കണം എന്നതാണ് തന്റെ സ്വപ്‌നമെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇനി അതിനു സാധിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ വെച്ച് വിരമിക്കും എന്നും ലൂണ പറയാതെ പറഞ്ഞു. ഇന്ത്യയിൽ വെച്ച് വിരമിക്കണം, പറ്റിയാൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എന്നായിരുന്നു യുറുഗ്വെൻ താരത്തിന്റെ വെളിപ്പെടുത്തൽ.

ലൂണയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരത്തേ തന്നെ കരാർ ഒപ്പു വെയ്ക്കപ്പെടണം എന്നതാണ് മഞ്ഞപ്പട ആരാധകരുടെ ആവശ്യം. അല്ലെങ്കിൽ 2021 – 2022 സീസണിൽ കളിച്ച അർജന്റൈൻ സെന്റർ സ്‌ട്രൈക്കർ ജോർജ് പെരേര ഡിയസ് കൂടുമാറിയതുപോലെ അഡ്രിയാൻ ലൂണയും ക്ലബ് വിട്ടേക്കാം.

ഐ എസ് എല്ലിൽ ഇതുവരെ 49 മത്സരങ്ങളിൽ കൊച്ചി ക്ലബ്ബിന്റെ ജഴ്‌സി അണിഞ്ഞ ഈ യുറുഗ്വെൻ താരം 13 ഗോൾ സ്വന്തമാക്കി, അതുപോലെ 15 ഗോളിന് അസിസ്റ്റ് നടത്തി. 75 ശതമാനമാണ് ഇതുവരെ ആകെയുള്ള പാസ് കൃത്യത. കൊച്ചി ക്ലബ്ബിനായി ഇതുവരെ ആകെ 53 മത്സരങ്ങളിൽ ഇറങ്ങിയ താരം 15 ഗോൾ നേടി, 16 ഗോളിന് അസിസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version