Sports

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡോർട്ട്മുണ്ടിന് എതിരാളിയാര്? റയൽ-ബയേൺ രണ്ടാം പാദ സെമി ഇന്ന്

Published

on

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ബെർത്ത് നേടാൻ ജർമൻ കരുത്തരായ ബയേൺ മ്യൂണിച്ചും സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും നേർക്ക് നേർ. ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. മാഡ്രിഡ് തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജിറോണയെയും ബാഴ്‌സലോണയെയും പിന്നിലാക്കി റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാവും ആതിഥേയർ ഗ്രൗണ്ടിൽ ഇറങ്ങുക.

മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലിൽ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകർപ്പൻ ഇരട്ട ഗോളുകൾ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയിൽ കാര്യമായ വിള്ളലുണ്ടാക്കാൻ കഴിയും.

മറുവശത്തുള്ള ബയേൺ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങൾ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പിൽ നിന്നും കൂടി പുറത്ത് പോയതോടെ സീസണിൽ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാൻസ് കൂടിയാണ് ചാമ്പ്യൻസ് ലീഗ്. ടോട്ടൻഹാമിൽ നിന്ന് പൊന്നും വിലയ്‌ക്കെടുത്ത ഹാരി കെയ്‌നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ പ്രതീക്ഷ. ഇന്നത്തെ മത്സരം വിജയിച്ചാൽ ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ 14-ാം ഫൈനൽ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേൺ ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാൽ 17 തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ റയൽ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയൽ-ബയേൺ രണ്ടാം പാദ സെമി മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version