തിരുവനന്തപുരം: ഏറ്റവും വിനാശകരമായ ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്‍റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വറുതിയിലേക്കും പ്രയാസങ്ങളിലേക്കും കടത്തി വിടുന്ന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന വാശിയേറിയ നിലപാടാണ് ധനമന്ത്രിയും സര്‍ക്കാരും നിയമസഭയില്‍ സ്വീകരിച്ചത്. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ടും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതു കൊണ്ടും നികുതി പിന്‍വലിക്കില്ലെന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. നികുതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്. ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതായതോടെ നികുതി ഇല്ലാതെയാണ് സംസ്ഥാനത്ത് സാധനങ്ങള്‍ വില്‍ക്കുന്നത്. ചെക്ക്‌പോസ്റ്റിലെ ക്യാമറകള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും എവിടെ നിന്നും എന്ത് സാധനവും എത്തിച്ച് വില്‍ക്കാന്‍ സാധിക്കുന്ന നികുതി അരാജകത്വമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ഐ ജി എസ് ടിയിലും അഞ്ച് വര്‍ഷം കൊണ്ട് 25000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തില്‍ നിന്നും 10000 കോടിയുടെ നികുതി നഷ്ടമാണ് കേരളത്തിനുണ്ടായത്. അഞ്ച് വര്‍ഷം കിട്ടിയിട്ടും നികുതി ഭരണം പുനസംഘടിപ്പിക്കാതെ ജിഎസ്ടി കോമ്പന്‍സേഷന്‍റെ ആലസ്യത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ദുരന്തഫലമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്.
പെട്രോളിനും ഡിസലിനും രണ്ട് രൂപവീതം സെസ് ഏര്‍പ്പെടുത്തിയത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. മാന്ദ്യത്തിന് സമാനമായ കാലത്ത് ബജറ്റിലൂടെ വിപണിയെ ഉത്തേജിപ്പിക്കാനാകാണം. എന്നാല്‍ വിപണി കെട്ടു പോകുന്ന തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അഹാങ്കാരവും ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. വര്‍ധിപ്പിച്ച നികുതി മന്ത്രിയുടെ അവസാന ദിവസത്തെ മറുപടിയില്‍ കുറയ്ക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് നേതാക്കളൊക്കെ ഇപ്പോള്‍ എവിടെപ്പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബജറ്റ്. അതുകൊണ്ട് പ്രതിപക്ഷം സമരം തുടരും. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും. ഈമാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് രാപ്പകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.