Gulf

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ; രണ്ട് ലക്ഷം ദിർഹം വരെ പിഴയീടാക്കും

Published

on

അബുദാബി: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നിക്ഷിപ്ത താത്പര്യങ്ങൾക്കും വേണ്ടി ഏതെങ്കിലും രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ അധികൃതർ വ്യക്തമാക്കി.

യുഎഇ പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പോസ്റ്റ് ചെയ്ത്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള 2021ലെ ഫെഡറൽ നിയമം നമ്പർ 34 പ്രകാരം വലിയ തോതിലുള്ള ശിക്ഷകളാണ് കുറ്റക്കാരെ കാത്തിരിക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിയമത്തിന്റെ ആർട്ടിക്കിൾ 52 പ്രകാരം യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിച്ച വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും ഇല്ലാത്ത കഥകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമങ്ങൾ വഴിയും മറ്റും ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് രാജ്യത്തെ ഭരണകൂടത്തിനെതിരെ പൊതുവികാരം ഉണർത്തുന്നതിനു വേണ്ടിയോ, പകർച്ചവ്യാധി, പ്രളയം പോലുള്ള ദുരന്തങ്ങങ്ങളുടെ സന്ദർഭങ്ങളിലോ ആണെങ്കിൽ കൂടുതൽ കടുത്ത ശിക്ഷയായിരിക്കും കുറ്റക്കാർക്ക് ലഭിക്കുക. അല്ലാത്ത സന്ദർഭങ്ങളിലേതിനേക്കാൾ ഇരട്ടി ശിക്ഷ ഇത്തരക്കാർ അനുഭവിക്കേണ്ടി വരും. നിയമലംഘകന് കുറഞ്ഞത് രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് ലഭിക്കുകയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനമാണ് യുഎഇ പോലീസ് ഒരുക്കിയിരിക്കുന്നത്. ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ അതിവേഗം കണ്ടെത്തുന്നതിനും അവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിനും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങളും ഈ മേഖലയിലലെ വിദഗ്ധരും അടങ്ങിയ ശക്തമായ സംവിധാനം യുഎഇയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version