റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സ്പോണ്സര്മാര്ക്ക് നിയമവിദ്ഗധരുടെ മുന്നറിയിപ്പ്. പാസ്പോര്ട്ടുകള് സൂക്ഷിക്കാന്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമാണ് അധികാരമെന്നും വിദേശികളുടെ പാസ്പോര്ട്ടുകള് സൗദി തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിച്ചു.
സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് കുറ്റകൃത്യത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. പ്രവാസിയുടെ പാസ്പോര്‍ട്ട് കൈവശമുള്ള സ്പോണ്സര്ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം സൗദി റിയാല്‍ (2,20,95,594 രൂപ) പിഴയും ലഭിച്ചേക്കാം.
പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയില്‍ വലിയ കുറ്റകൃത്യമായി കണക്കാക്കുമെന്ന് പ്രശസ്ത സൗദി അഭിഭാഷകന് സെയ്ദ അല്‍ ഷഅ്ലാന്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എക്സിറ്റ്/റീ എന്‍ട്രി വിസ ലഭിക്കാന്‍ പ്രവാസികളുടെ പാസ്പോര്‍ട്ടിന് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാന്‍ പാസ്പോര്‍ട്ടിന് 60 ദിവസം കാലാവധി ഉണ്ടായാല്‍ മതിയാവും. എക്സിറ്റ്/റീ എന്‍ട്രി വിസകളില്‍ പോകുന്ന പ്രവാസികള്‍ക്ക് അവരുടെ വിസ സാധുതയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) വ്യക്തമാക്കിയിരുന്നു.