മസ്‌ക്കറ്റ്: ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
പല സ്ഥലങ്ങളിലും താപനില 40 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാദി അല്‍ മാവില്‍, അമീറാത്ത്, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളില്‍ 48 ഡിഗ്രിക്കു മുകളില്‍ താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രത്യേകിച്ച് ഉച്ച സമയത്തെ കടുത്ത ചൂടും ക്ഷീണവും ഒഴിവാക്കാന്‍ പരമാവധി പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം, ക്ഷീണം, ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങള്‍ എന്നിവ ഏല്‍ക്കാതിരിക്കാന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലും പുറം ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഔട്ട്‌ഡോര്‍ ജോലികള്‍ ചെയ്യുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
– സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കാത്ത വിധത്തില്‍ പ്രവൃത്തി സമയം ക്രമപ്പെടുത്തുക. താപനില ഏറ്റവും കൂടിയ നട്ടുച്ച സമയത്ത് പുറത്തിറങ്ങാതെ വിശ്രമിക്കുക.
– ചൂട് കാരണം ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാന്‍ നല്ല അളവില്‍ വെള്ളം കുടിക്കുക.
– ഉയര്‍ന്ന താപനില കാരണം ഉണ്ടാകുന്ന ശാരീരികെ പ്രശ്‌നങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികളെയും സൂപ്പര്‍വൈസര്‍മാരെയും പരിശീലിപ്പിക്കുക.
ഉച്ചയ്ക്കുള്ള പുറം ജോലിക്ക് നിരോധനം
അതിനിടെ, ഒമാനില്‍ ഉയര്‍ന്ന താപനില കാരണം തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് പുറം ജോലി ചെയ്യുന്നതിനുള്ള നിരോധനം ആരംഭിച്ചു. ആഗസ്ത് 31 വരെയാണ് നിയന്ത്രണം. ഈ കാലയളവില്‍ നിര്‍മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3.30 വരെ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം എക്സില്‍ നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. നിയമം ലംഘിച്ച് ഈ സമയങ്ങളില്‍ തൊഴിലാളികളെ പുറം ജോലി ചെയ്യിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കാറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് കൂടിയ സാഹചര്യത്തില്‍ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൂട് കാലത്ത് അപകടകരമായി മാറിയേക്കാവുന്ന സാധനങ്ങള്‍ വാഹനങ്ങളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. വാതക പദാര്‍ത്ഥങ്ങള്‍, ലൈറ്ററുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പെര്‍ഫ്യൂമുകള്‍, ബാറ്ററികള്‍ തുടങ്ങിയവ അപകടസാധ്യതയുള്ള സാധനങ്ങളാണ്. വേനല്‍ക്കാലത്ത് ഇവ കാറില്‍ നിന്നും മാറ്റിയെന്ന് ഉറപ്പുവരുത്തണം. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ വിന്‍ഡോകള്‍ പൂര്‍ണമായി അടയ്ക്കുന്നതിന് പകരം ചെറുതായി താഴ്ത്തി വയ്ക്കണം. കാറിന്റെ ഇന്ധന ടാങ്ക് നിറയ്ക്കുന്നത് ഒഴിവാക്കുകയാണ് അഭികാമ്യം. ആവശ്യത്തിന് മാത്രം എണ്ണ അടിച്ചാല്‍ മതിയാവും. നട്ടുച്ച വേളകള്‍ ഒഴിവാക്കി പകരം വൈകുന്നേരം കാറില്‍ ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കണം. പരമാവധി യാത്രകള്‍ വൈകുന്നേരത്തേക്ക് മാറ്റുക. കനത്ത ചൂടില്‍ ടയര്‍ പൊട്ടാന്‍ സാധ്യത കൂടുതലായതിനാല്‍ ടയറുകളില്‍ അമിതമായി കാറ്റ് നിറക്കാതിരിക്കാനും ശ്രദ്ധിക്കണം.