അബുദാബി: ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ അബുദാബിയിലെ ശിലാക്ഷേത്രം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. ഫെബ്രുവരി 18 മുതല്‍ പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.
ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദേശ സന്ദര്‍ശകര്‍ ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നുണ്ട്. അതിനാല്‍ മാര്‍ച്ച് 1 മുതലാണ് യുഎഇ നിവാസികള്‍ക്ക് സന്ദര്‍ശനത്തിന് ബുക്കിങ് അനുവദിക്കുന്നത്.
ക്ഷേത്ര സന്ദര്‍ശനത്തിന് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതുവഴിയോ രജിസ്റ്റര്‍ ചെയ്യണം.
ക്ഷേത്രം കാണാനെത്തുന്നവര്‍ ഇതിനായി ഫീസൊന്നും നല്‍കേണ്ടതില്ല. എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ആളുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്. രാവിലെ 9 മുതല്‍ രാത്രി 8 വരെ ക്ഷേത്രം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.
അബുദാബി-ദുബായ് ഹൈവേയിലെ അബു മുറൈഖയില്‍ അല്‍ താഫ് റോഡിലാണ് (ഋ16) ക്ഷേത്രം. ഗൂഗിള്‍ മാപ്പില്‍ ‘ആഅജട ഒശിറൗ ങമിറശൃ, അയൗഉവമയശ’ എന്ന് സെര്‍ച്ച് ചെയ്താല്‍ സൈറ്റ് കണ്ടെത്താം. നിലവില്‍ മറ്റ് എമിറേറ്റുകളെ ക്ഷേത്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പൊതു ബസ് സര്‍വീസുകളൊന്നുമില്ല.
അബുദാബിയിലെ ഏക ഹൈന്ദവ ക്ഷേത്രമാണിത്. ബോചസന്‍വാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ (ആഅജട) സന്‍സ്തയാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ആത്മീയത, സാംസ്കാരിക മൂല്യങ്ങള്‍, സാമൂഹിക സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ നയിക്കുന്ന ആഗോള ഹിന്ദു സംഘടനയാണിത്.
കൈകൊണ്ട് കൊത്തിയെടുത്ത ശിലാശില്പങ്ങളാല് പണിതുയര്‍ത്തിയ ക്ഷേത്രം കലാപരമായ മികവിന്റെ മകുടോദാഹരണമാണ്. ആയിരക്കണക്കിന് പിങ്ക് മണല്‍ക്കല്ലുകളിലും വെള്ള മാര്‍ബിളിലും കൈകൊണ്ട് കൊത്തിയെടുത്ത ശില്പങ്ങള് വ്യത്യസ്ത നാഗരികതകളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രദര്‍ശിപ്പിക്കുന്നു. വാസ്തുവിദ്യയുമായും ശില്പകലയുമായും ബന്ധപ്പെട്ട പൗരാണിക സംസ്കൃത ഗ്രന്ഥങ്ങളിലെ നിര്‍ദേശങ്ങളും തത്വങ്ങളും പാലിച്ചാണ് കൊത്തുപണികളും നിര്‍മാണവും. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നിന്നുള്ള കഥകള്‍ ശിലകളില്‍ ചിത്രീകരിച്ചിരിക്കുന്നു.
27 ഏക്കര്‍ സ്ഥലത്തെ ക്ഷേത്ര സമുച്ചയത്തില്‍ വിശാലമായ ലൈബ്രറിയും വാഹന പാര്‍ക്കിങ് ഏരിയയുമുണ്ട്. ഒരേസമയം ഏകദേശം 10,000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുണ്ട്.