മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 129 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ നടന്നത്.
വിദേശികളുടെ തൊഴിൽ നിയമങ്ങളും താമസ കുടിയേറ്റ നടപടിക്രമങ്ങളും ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 88 പേരെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ നിന്നും തെക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ നിന്ന് 41 പേരയുമാണ് സ്പെഷ്യൽ ടാസ്ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടാണ് 19 പ്രവാസികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.