മക്ക: ഹജ്ജ് നിയമങ്ങളും ചടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നേരത്തേ പ്രഖ്യാപിച്ച പിഴകള്‍ ചുമത്താന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെടുന്ന സൗദി പൗരന്മാര്ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 10,000 റിയാലാണ് പിഴ ചുമത്തുന്നത്. ഇത് ജൂണ്‍ 20 അഥവാ ദുല്‍ ഹിജ്ജ 14 വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുന്നത്.
ഒരിക്കല്‍ നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും പിടിക്കപ്പെടുന്ന പക്ഷം പിഴ ഇരട്ടിയാകും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ അത് ഒരു ലക്ഷം റിയാല്‍ വരെയാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമലംഘകരില്‍ നിന്നുള്ള പ്രവാസികളെ അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും നിയമം അനുശാസിക്കുന്ന കാലയളവുകള്‍ക്ക് അനുസൃതമായി അവര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
ഹജ്ജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവരെ കൊണ്ടുപോകുമ്പോള്‍ പിടിക്കപ്പെടുന്നവര്‍ക്ക് ആറ് മാസം വരെ തടവും പരമാവധി 50,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും പിഴ അടയ്ക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത പ്രവാസിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയ നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയും വര്‍ധിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഒഴുകിയെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ അവരുടെ കര്‍മ്മങ്ങള്‍ സുഗമമായും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് സൗകര്യമൊരുക്കാനാണ് നടപടികള്‍ കര്‍ശനമാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
മക്കയിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളിലെ സീസണല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളാണ് അനധികൃത ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പൗരന്മാരെയും പ്രവാസികളെയും കൊണ്ടുപോകുന്ന അത്തരം നിയമലംഘകരെ ഫീല്‍ഡ് കണ്ട്രോള് ഏജന്‍സികള്‍ക്ക് കൈമാറ്റം ചെയ്യും.