Gulf

വാഹന രജിസ്‌ട്രേഷനും കൈമാറ്റവും ഇനി അബ്ഷിറില്‍; സേവനങ്ങളുടെ എണ്ണം 350 കടന്നു

Published

on

റിയാദ്: സൗദിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ഷിറിലൂടെ ഇനി വാഹന രജിസ്‌ട്രേഷനും കൈമാറ്റവും സാധ്യം. പുതുതായി എട്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അബ്ഷിറില്‍ ലഭ്യമായ സേവനങ്ങളുടെ എണ്ണം 350 കടന്നു.

കാര്‍ ഷോറൂമുകളില്‍ നിന്ന് വാഹന രജിസ്‌ട്രേഷന്‍ ഇഷ്യു ചെയ്യല്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ വാഹന ഉടമസ്ഥാവകാശമാറ്റം, ബൈക്ക് ഉടമസ്ഥാവകാശമാറ്റം, ബൈക്ക് രജിസ്‌ട്രേഷന്‍ ഇഷ്യു ചെയ്യല്‍, അഡ്വാന്‍സ്ഡ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ പുതുക്കല്‍, കസ്റ്റംസ് കാര്‍ഡ് റെന്റല്‍ സര്‍വീസ് എന്നീ എട്ട് സേവനങ്ങള്‍ അബ്ഷിറില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഡോ. ഉസാം അല്‍വഖീതും ചേര്‍ന്ന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും പുറമേ സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം അബ്ഷിറിലൂടെ അതിവേഗത്തില്‍ ലഭ്യമാണ്.

ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ ചുരുങ്ങിയ സമയംകൊണ്ട് ലഭ്യമാക്കുന്നതാണ് അബ്ഷിര്‍ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം. ംംം.മയവെലൃ.മെ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന പോര്‍ട്ടല്‍ വഴിയും ഗൂഗ്ള്‍ പ്ലേ, ആപ് സ്റ്റോര്‍, ആപ് ഗ്യാലറി എന്നിവയിലൂടെ ലഭിക്കുന്ന അബ്ഷിര്‍ ആപ്പ് വഴിയും സേവനങ്ങള്‍ ലഭ്യമാണ്. വ്യക്തിഗത ആപ്പും അബ്ഷിര്‍ ബിസിനസ് ആപുമുണ്ട്. രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി കഴിഞ്ഞ മാസം അബ്ഷിര്‍ വഴി 35.5 ലക്ഷത്തിലേറെ സേവനങ്ങളാണ് നല്‍കിയത്. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി 19.5 ലക്ഷത്തിലേറെ സേവനങ്ങളും അബ്ശിര്‍ ബിസിനസ് വഴി 16 ലക്ഷത്തിലേറെ സേവനങ്ങളും നല്‍കി. ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍, പ്രൊഫഷന്‍ മാറ്റല്‍, ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കല്‍, റീഎന്‍ട്രി വിസ, റീഎന്‍ട്രി റദ്ദാക്കല്‍, സൗദി പാസ്‌പോര്‍ട്ട് പുതുക്കലുകള്‍, റീഎന്‍ട്രി ദീര്‍ഘിപ്പിക്കല്‍, മുഖീം റിപ്പോര്‍ട്ട് സേവനം, പുതിയ വിസയിലെത്തുന്ന വേലക്കാരികളെ സ്‌പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് എയര്‍പോര്‍ട്ടുകളില്‍ നിന്ന് സ്വീകരിക്കാനുള്ള അനുമതിപത്രം ലഭ്യമാക്കല്‍, പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്‌സിറ്റ്, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയ സേവനങ്ങള്‍ അബ്ഷിര്‍ വഴി നല്‍കുന്നുണ്ട്. വാഹന വില്‍പന, വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ പൊതുസേവനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും അബ്ഷിര്‍ വഴി മറുപടിയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version