Kerala

വന്ദനയെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; പ്രതി സന്ദീപിൻ്റെ വസ്ത്രത്തിലെ രക്തക്കറ ശാസ്ത്രീയ തെളിവ്; 1050 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാ‍ഞ്ച്

Published

on

കൊല്ലം: വന്ദന ദാസ് കൊലപാതകത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റകൃത്യത്തെ കുറിച്ച്‌ പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 1050 പേജുകളും 136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടുന്നു. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച്‌ ഹൗസ് സര്‍ജൻ വന്ദന ദാസിനെ മെയ്‌ 10നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിര്‍ണായകമാണ്. പ്രതി സന്ദീപ്, വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്‍റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

കഴിഞ്ഞ ദിവസം, പ്രതി ജി സന്ദീപിൻ്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂര്‍വമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം തള്ളിയ കോടതി, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version