2025 ജനുവരി 1 മുതൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഇപകരണങ്ങൾക്കും ചാർജിംഗ് പോർട്ടായി യുഎസ്ബി ടൈപ്പ്-സി മാത്രമാക്കാൻ തീരുമാനവുമായി സൗദി. നിലവാരമുള്ള ചാർജിംഗും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ നീക്കം.
സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ച് ആണ് പുതിയ തീരുമാനം സൗദി നടപ്പിലാക്കുന്നത്. ഉപയോക്താക്കൾക്ക് വളരെ മികച്ച സേവനം നടത്താനും, ഒരോ മാസം ഫോൺ മാറ്റുമ്പോൾ ഉണ്ടാകുന്ന അധിക ചിലവുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ നിർദ്ദേശം അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.
മാത്രമല്ല, ഇലക്ട്രോണിക് മാലിന്യത്തിന്റെ തേത് കുറക്കാൻ ഇതിലൂടെ സാധിക്കും. പുതിയ തീരുമാനം സൗദിയിൽ നടപ്പിലാക്കുന്നതോടെ ചാർജിംഗ് കേബിളുകളുടെയും വാർഷിക ഗാർഹിക ഉപഭോഗത്തിൽ 2.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് ഈ നടപടി സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് പുതിയ ഉത്തരവ് രാജ്യത്ത് നടപ്പിലാക്കുക. ആദ്യത്തേത്, 2025 ജനുവരി 1 മുതൽ തുടങ്ങും. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയ ഉപകരണങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക. 2026 ഏപ്രിൽ ഒന്നിന് ആയിരിക്കും രണ്ടാം ഘട്ടം നടപ്പിലാക്കുക. ലാപ്‌ടോപ്പുകൾ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ഉൾപ്പെടുന്നത്. 2025 മുതൽ കമ്പനികളും വിതരണക്കാരും യുഎസ്ബി ടൈപ്പ്-സി സ്റ്റാൻഡേർഡിന് അനുസൃതമായി പ്രവർത്തിക്കേണ്ടിവരും.