Gulf

സൗദിയില്‍ വിദേശികളുടെ തൊഴില്‍ യോഗ്യതാ രേഖകളുടെ പരിശോധനയ്ക്ക് ഏകീകൃത പ്ലാറ്റ്‌ഫോം വരുന്നു

Published

on

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ നേടുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ ആരംഭിച്ചു.

പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത പ്ലാറ്റ്‌ഫോം വഴി പരിശോധിക്കുന്നതിനുള്ള നൂതന പദ്ധതിയാണിത്. തുടക്കത്തില്‍ 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍’ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏതെല്ലാം തൊഴില്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ സേവനം പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 62 രാജ്യങ്ങളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല. പരിശോധനാ സംവിധാനം സജ്ജമാവുന്നതിനനുസരിച്ച് സേവനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഇത് ബാധകം.

രാജ്യത്ത് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇവ പരിശോധിച്ച് അസ്സല്‍ രേഖകളാണെന്ന് ഉറപ്പുവരുത്താനാണ് ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. പ്രൊഫഷനനുരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും എക്‌സ്പീരിയന്‍സും ഉള്ളവരെ മാത്രമേ സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ.

രാജ്യത്തെ തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആകര്‍ഷകമായ തൊഴില്‍ മേഖല കെട്ടിപ്പടുക്കുന്നതിനും മികച്ച തൊഴില്‍ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുമാണ് പുതിയ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദിയിലേക്ക് 71 ഇനം വിസ ലഭിക്കാന്‍ ഇന്ത്യയില്‍ തൊഴില്‍ നൈപുണ്യ പരീക്ഷ പാസാവണമെന്ന എസ്‌വിപി ടെസ്റ്റ് സംവിധാനത്തിനു പുറമേയാണിത്. പ്രാക്ടിക്കലായും തിയറി പരീക്ഷയിലൂടേയും കഴിവ് തെളിയിക്കുന്നതാണ് എസ്‌വിപി (സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം) ടെസ്റ്റ്. എന്നാല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയാണ് പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് തൊഴില്‍ വിസ ലഭിക്കുന്നതിനുള്ള എസ്‌വിപി ടെസ്റ്റ് കൂടുതല്‍ പ്രൊഫഷനുകളിലേക്ക് വ്യാപിക്കുന്ന രണ്ടാംഘട്ടത്തിന് അടുത്തിടെ തുടക്കംകുറിച്ചിരുന്നു. 71 ഇനം വിസ ലഭിക്കാന്‍ അതാത് രാജ്യങ്ങളില്‍ വച്ച് സൗദിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍, പ്രാക്റ്റിക്കല്‍ പരീക്ഷ പാസാവണം. കേരളത്തില്‍ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രം. സൗദി തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ തകാമുല്‍ വിഭാഗം നേരിട്ട് നടത്തുന്ന പരീക്ഷയാണിത്.

71 ഇനം തസ്തികകളില്‍ വിസ ലഭിക്കണമെങ്കില്‍ എസ്‌വിപി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ഒന്നാംഘട്ടമായി 29 ഇനം തൊഴില്‍ വിസകള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇലക്ട്രീഷ്യന്‍, പ്ലംബിങ്, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍, ഹീറ്റിങ് വെന്റിലേഷന്‍ ആന്റ് എസി, വെല്‍ഡിങ് എന്നീ ട്രേഡുകളില്‍ പെടുന്ന വിസകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. രണ്ടാംഘട്ടത്തില്‍ കെട്ടിടനിര്‍മാണം, ടൈല്‍സ് വര്‍ക്ക്, തേപ്പുപണി, മരപ്പണി, കാര്‍ മെക്കാനിക്ക് എന്നീ ഇനങ്ങളുമായി ബന്ധപ്പെട്ട 42 തരം പ്രൊഫഷനുകളിലെ വിസകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഴുവന്‍ ലേബര്‍ വിസകള്‍ക്കും ഘട്ടംഘട്ടമായി നൈപുണ്യ പരീക്ഷ നടപ്പാക്കാനാണ് സൗദിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version