മനാമ: ആഡംബര കാര്‍ ഒന്നുകൂടി മോടി കൂട്ടാനാണ് ബഹ്റൈന്‍ യുവാവ് കാര്‍ ആക്സസറീസ് ഷോപ്പിലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ കണ്ടത് തെറ്റായ വിധത്തില്‍ ആന്തരിക ഘടകങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റി പ്രവര്‍ത്തനരഹിതമാക്കിയ നിലയില്‍. തുടര്‍ന്ന് കടയുടമയ്‌ക്കെതിരെ പരാതി നല്‍കിയ യുവാവ് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.
ബഹ്റൈന്‍ യുവാവ് 2009 മോഡല്‍ ആഡംബര കാറുമായാണ് ആക്സസറീസ് ഷോപ്പിലെത്തിയത്. ധാരണ പ്രകാരം വാഹനവും 2,500 ദിനാറും കൈമാറി. പിന്നീട് കാണുമ്പോള്‍ പുതുക്കാന്‍ ഏല്‍പ്പിച്ച സ്ഥലത്തിന് പുറമേ മറ്റുഭാഗങ്ങളിലെ പാര്‍ട്‌സുകള്‍ വേര്‍പെടുത്തിയതായി കണ്ടെത്തി. കാറിന്റെ ആന്തരിക ഘടകങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റി പ്രവര്‍ത്തനരഹിതമാക്കി.
കേടായ അവസ്ഥയിലാണ് കാര്‍ ഉണ്ടായിരുന്നത്. ഇതോടെ പരിഭ്രാന്തിയിലായ ഉടമസ്ഥന്‍ സംഭവം അധികാരികളെ അറിയിക്കുകയും പോലീസിനെയും കൂട്ടി ഷോപ്പിലെത്തുകയും ചെയ്തു. തുടര്‍ന്ന് കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി മറ്റൊരു ഗാരേജിലേക്ക് കൊണ്ടുപോയി.
അശ്രദ്ധയുടെ ഫലമായുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് 780 ദിനാര്‍ ചെലവായി. അതുവരെയുള്ള യാത്രയ്ക്കായി യുവാവിന് മറ്റൊരു കാര്‍ താല്‍ക്കാലികമായി വാടകയ്ക്കെടുക്കേണ്ടി വന്നു. തുടര്‍ന്ന് യുവാവ് തനിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിവില്‍ ലോവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കാര്‍ പരിശോധിച്ച് വിദഗ്ധന്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം വിവിധ ഭാഗങ്ങള്‍ ശരിയായ വിധത്തിലല്ല ഘടിപ്പിച്ചതെന്ന് വ്യക്തമായി. കാറിന്റെ സീറ്റുകള്‍, അപ്ഹോള്‍സ്റ്ററി, ഇന്റേണല്‍ ഡോര്‍ ഡെക്കറേഷന്‍ എന്നിവ ശരിയല്ലെന്നും വിവിധ ഘടകങ്ങള്‍ വേര്‍പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളും നല്‍കി. കാറിന്റെ പെയിന്റിങ് ഒഴികെ, കാര്‍ ആക്സസറീസ് ഷോപ്പ് പൂര്‍ത്തിയാക്കിയ ജോലിയുടെ മൂല്യം ഏകദേശം 300 ദിനാര്‍ ആണെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. പൂര്‍ത്തിയാക്കിയ ജോലി കഴിച്ച് പരാതിക്കാരന് തിരികെ നല്‍കാനുള്ള തുക 2,350 ദിനാര്‍ ആയിരുന്നു.
ഷോപ്പ് ഉടമ പരാതിക്കാരന് 2,300 ദിര്‍ഹം തിരികെനല്‍കണമെന്നും കോടതി വിധി പുറപ്പെടുവിച്ചു. കേസ് ഫയല്‍ ചെയ്തത് മുതല്‍ മുഴുവന്‍ പണവും തിരിച്ചടക്കുന്നത് വരെയുള്ള കാലത്തേക്ക് 0.5% പലിശയും നല്‍കണം. പരാതിക്കാരന് ഭൗതികവും ധാര്‍മികവുമായ നാശനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി നിയമനടപടികള്‍ക്ക് ചെലവായ തുക കടയുടമയില്‍ നിന്ന് ഈടാക്കാനും വിധിച്ചു.