അബുദാബി: ആരോഗ്യ മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ നിയമങ്ങളുമായി യുഎഇ. ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന നിരവധി വ്യവസ്ഥകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില നിയമഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് പുറത്തുവിട്ട പരിഷ്‌കരിച്ച നിയമങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാവും.
ലൈസന്‍സില്ലാതെയും ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കാതെയും ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് കൂടുതല്‍ കര്‍ശന നടപടികളും ഉയര്‍ന്ന പിഴയും ബാധകമാക്കുന്ന നിയമങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ലൈസന്‍സുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കായി ദേശീയ രജിസ്ട്രി സ്ഥാപിക്കുന്നതും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങള്‍, വെറ്റിനറി മെഡിസിന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ടും പുതിയ നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകളായ നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറികള്‍, മെഡിക്കല്‍ ഫിസിക്‌സ്, ഒക്യുപേഷണല്‍ തെറാപ്പി, ഫിസിക്കല്‍ തെറാപ്പി, കോസ്‌മെറ്റിക്‌സ്, അനസ്‌തേഷ്യ, ഓഡിയോളജി, മെഡിക്കല്‍ റേഡിയോഗ്രാഫി തുടങ്ങിയ ആരോഗ്യപരിപാലന തൊഴിലുകളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ട്.
ആരോഗ്യപരിപാലന വിദഗ്ധര്‍ പാലിക്കേണ്ട ധാര്‍മികത, പെരുമാറ്റം, കടമകള്‍ എന്നിവ നിയമം ഊന്നിപ്പറയുന്നു. രോഗികള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളും നിയമത്തിലുണ്ട്.