Gulf

കൊതുക് നിര്‍മാര്‍ജന യജ്ഞവുമായി യുഎഇ; പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍

Published

on

അബുദാബി: രാജ്യത്ത് ദേശവ്യാപകമായ സമഗ്ര കൊതുക് നിര്‍മാര്‍ജന, ബോധവത്ക്കരണ യജ്ഞവുമായി യുഎഇ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ അവയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കണകക്കിലെടുത്താണ് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം കൊതുക് നിര്‍മാര്‍ജന യജ്ഞവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

രാജ്യത്തുടനീളം കൊതുക് പെരുകുന്ന ഹോട്ട്സ്പോട്ടുകള്‍ ഇല്ലാതാക്കുന്നതിനും അതുവഴി കൊതുക് ശല്യം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ യുഎഇ ഊര്‍ജിതമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. ക്യാംപയിന്‍ കാലഘട്ടത്തില്‍ ആരോഗ്യ- പ്രതിരോധ മന്ത്രാലയവും എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും അവബോധം സജീവമാക്കും.

കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് പ്രാദേശിക അധികാരികളുമായി സഹകരിക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. കൊതുകുകള്‍ വ്യാപകമായ സ്ഥലങ്ങളോ അവ പ്രജനനം നടത്തുന്ന സ്ഥലങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ 8003050 എന്ന നമ്പറില്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ വിളിച്ച് അറിയിക്കണം. നിര്‍മ്മാണ സൈറ്റുകള്‍, തൊഴുത്തുകള്‍, സ്‌കൂളുകള്‍, ഫാമുകള്‍, എസ്റ്റേറ്റുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, റേസ് ട്രാക്കുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ അവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

അതേസമയം, കൊതുകു നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളൊന്നും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമാണെന്ന ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊതുക് നിര്‍മാര്‍ജന യജ്ഞത്തിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ദേശീയ കൊതുക് വിരുദ്ധ കാമ്പെയ്ന്‍ ആരംഭിച്ചത്. മൂന്നാം ഘട്ടം 2025 മെയ് വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version