ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് അഞ്ചു വരെ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇടിമിന്നലോടും ആലിപ്പഴ വര്‍ഷത്തോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ന് രാത്രിയോടെ വീണ്ടും മഴ തുടങ്ങും
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ അനുസരിച്ച്, പ്രതികൂല കാലാവസ്ഥ ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറ് നിന്ന് ആരംഭിക്കും, വ്യാഴാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിക്കുകയും പടിഞ്ഞാറ്, തീരപ്രദേശം, ചില കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാവുകയും ചെയ്യും. ഇവിടങ്ങളിലെ താപനില ഗണ്യമായി കുറയുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അബുദാബി പോലീസ്, എമിറേറ്റിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച്, പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായും മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ഇനി വരാനിരിക്കുന്ന മഴയ്ക്ക് കഴിഞ്ഞ തവണ ഉണ്ടായതിനേക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ചൊവ്വാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അബുദാബിയില്‍ മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടും.
അല്‍ ഐനിലും ദഫ്രയിലും മഴയ്ക്കു സാധ്യത
അബൂദാബിക്കു പുറമെ, അല്‍ ഐനിലും അല്‍ ദഫ്രയിലും താരതമ്യേന ശക്തമായ രീതിയില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടയ്ക്കിടെ ചെറിയ വലിപ്പത്തിലുള്ള ആലിപ്പഴ വര്‍ഷം എന്നിവയാണ് അല്‍ ഐനിലും ദഫ്രയിലും മെയ് രണ്ട് വ്യാഴാഴ്ച വരെ പ്രവചിച്ചിരിക്കുന്നത്. ഇടയ്ക്കിടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ അത് അന്തരീക്ഷത്തിലെ കാഴ്ചാ പരിധി കുറയ്ക്കാനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മെയ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ അല്‍ ഐനിന്റെയും ദഫ്രയുടെയും തെക്കന്‍ ഭാഗങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മെയ് 3 വെള്ളിയാഴ്ച മുതല്‍ മെയ് 5 ഞായര്‍ വരെയുള്ള പ്രദേശങ്ങള്‍.
ദുബായില്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍
കനത്ത മഴ പ്രവചനത്തെ തുടര്‍ന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും മെയ് രണ്ട് വ്യാഴം, മെയ് മൂന്ന് വെള്ളി ദിവസങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ഇത് ബാധകമാണെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ ആഞ്ഞടിച്ച ചരിത്രപരമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏപ്രില്‍ 16ന് രാജ്യത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിരുന്നു. കനത്ത മഴ പെയ്ത ഷാര്‍ജ പോലുള്ള എമിറേറ്റുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഏപ്രില്‍ 29നാണ് പുനരാരംഭിച്ചത്.
എമര്‍ജന്‍സി നമ്പറുകളുടെ പട്ടികയുമായി ദുബായ്
അതിനിടെ, പുതിയ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രത്യേക യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ക്ക് രൂപം നല്‍കി. വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ദുബായ് അധികൃതര്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിളിക്കാനുള്ള എമര്‍ജന്‍സി നമ്പറുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
അടിയന്തര സാഹചര്യങ്ങളില്‍ (ദുബായ് പോലീസ്)- 999
അടിയന്തരമല്ലാത്ത കേസുകള്‍ക്ക് (ദുബായ് പോലീസ്) – 901
സിവില്‍ ഡിഫന്‍സ് – 997
ദുബായ് ആംബുലന്‍സ് – 998
ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി – 991
ദുബായ് മുനിസിപ്പാലിറ്റി – 800900
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി – 8009090.
വാഹനോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
മഴയും അസ്ഥിരവുമായ കാലാവസ്ഥയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിയമങ്ങള്‍ പാലിക്കാനും ദുബായ് പോലീസ് ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ശ്രദ്ധ തെറ്റുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വാഹനമോടിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയോ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക എന്നിവ വളരെ പ്രധാനമാണെന്ന് പോലിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. വാഹനങ്ങളുമായി താഴ്വരകളിലേക്കും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോവരുത്. അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി മുന്നറിയിപ്പ് നല്‍കി. അവരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും തുടര്‍ നിയമ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.