ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അധികൃതര്‍. ഇന്ത്യയുടെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ അവരുടെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് യുഎഇയിലേക്ക് വന്ന അതേ എയര്‍ലൈനില്‍ നിന്ന് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. യുഎഇയിലേക്ക് പറക്കാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന വിസിറ്റ് വിസ ഉടമകളോട് പല എയര്‍ലൈനുകളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദുബായ് വിമാനത്താവളങ്ങളില്‍ എത്തുന്ന വിസിറ്റ് വിസ യാത്രക്കാരെ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മടക്ക ടിക്കറ്റ് സംബന്ധിച്ച പുതിയ പ്രശ്‌നം ഉടലെടുക്കുന്നത്. ചില എയര്‍ലൈനുകള്‍ വിസിറ്റ് വിസക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും അവിടെ തന്നെ ചെയ്യാന്‍ ഉപദേശിക്കുന്നുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഈ പുതിയ നിബന്ധന പാലിക്കാതിരുന്നാല്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടാന്‍ അത് ഇടയാക്കുമെന്ന് ദുബായിലെ സിദ്ദീഖ് ട്രാവല്‍സ് ഡയറക്ടര്‍ താഹ സിദ്ദീഖ് പറഞ്ഞു. തന്റെ ഏജന്‍സി വഴി വിസ എടുത്ത പലര്‍ക്കും ഈ പ്രശ്‌നം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മടക്ക ടിക്കറ്റുകള്‍ തങ്ങളുടെ വിമാനത്തില്‍ തന്നെ എടുക്കാത്ത വിസിറ്റ് വിസ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ചില വിമാനക്കമ്പനികളും അറിയിക്കുന്നുണ്ടെന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. ഏതെങ്കിലും വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഒരു യാത്രക്കാരന് പ്രവേശനം നിഷേധിക്കുമ്പോള്‍, അയാളുടെ മടകക്ക യാത്ര എയര്‍ലൈനിന്റെ ഉത്തരവാദിത്തമായി മാറുന്നു എന്നതിനാലാണിത്. ഇത്തരം യാത്രകളില്‍ വിമാനക്കമ്പനികള്‍ക്ക് തിരിച്ചയക്കപ്പെടുന്ന യാത്രക്കാരനില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാനാവില്ല. ഇത് എയര്‍ലൈനുകള്‍ക്ക് നഷ്ടമുണ്ടാക്കും. അതിനാലാണ് ദുബായ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന യാത്രക്കാരെ മാത്രമേ വിമാനം കയറാന്‍ അനുവദിക്കൂ എന്ന് എയര്‍ലൈനുകള്‍ വാശിപിടിക്കുന്നത് എന്നാണ് വിവരം.
യുഎഇയിലേക്കുള്ള യാത്രക്കാര്‍ 3,000 ദിര്‍ഹത്തിന് തുല്യമായ തുക പണമായോ ക്രെഡിറ്റ് കാര്‍ഡിലോ കൊണ്ടുപോകണമെന്ന് ഈയിടെ അധികൃതര്‍ നിബന്ധന വച്ചിരുന്നു. കൂടാതെ ഹോട്ടല്‍ ബുക്കിംഗിന്റെ തെളിവോ രാജ്യത്തെ ഒരു ആതിഥേയന്റെ വാകടക്കരാര്‍ പോലുള്ള താമസത്തിന്റെ സാധുവായ തെളിവോ നല്‍കണം. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ കൂടെയാണ് താമസമെങ്കില്‍ അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള താമസ രേഖകള്‍ ഹാജരാക്കണം. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ് വേണമെന്നും നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വരുന്ന എയര്‍ലൈനില്‍ തന്നെയായിരിക്കണം മടകക്ക ടിക്കറ്റും എന്ന നിബന്ധന പുതുതായി വന്നതാണ്.