Gulf

യുകെയില്‍ പര്‍വതങ്ങള്‍ താണ്ടിയും മത്സ്യബന്ധന യാത്ര നടത്തിയും യുഎഇ വൈസ് പ്രസിഡന്റിന്റെ അവധിക്കാലം. ചിത്രങ്ങള്‍ കാണാം

Published

on

ദുബായ്: ദുബായിലെ മിന്നുന്ന നഗരകാഴ്ചകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണമരുഭൂവിനുമപ്പുറത്തുള്ള ലോകത്ത് അവധിക്കാലം ചെലവഴിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബ്രിട്ടനില്‍ പര്‍വതങ്ങള്‍ താണ്ടിയും മത്സ്യബന്ധന യാത്ര നടത്തിയും ഒഴിവുദിനങ്ങള്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റി.

മനോഹരമായ ഭൂപ്രദേശമുള്ള പര്‍വതങ്ങളില്‍ ഷെയ്ഖ് മുഹമ്മദ് നടന്നുകയറുന്നതിന്റെ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകള്‍ നേടി. വ്യത്യസ്തമായ ഇടങ്ങളിലും മലമടക്കുകളിലും പല വേഷങ്ങള്‍ ധരിച്ച് അദ്ദേഹം സഞ്ചരിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോള്‍ മേധാവി ഖലീഫ സയീദ് സുലൈമാന്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഈ മാസം ആദ്യം, ലണ്ടനിലെ തെരുവുകളില്‍ പൗരന്മാരെയും താമസക്കാരെയും ഷെയ്ഖ് മുഹമ്മദ് നേരില്‍ കണ്ട് സംസാരിക്കുന്നതിന്റെയും ആളുകള്‍ സെല്‍ഫിയെടുക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.

സ്‌കോട്ടിഷിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് എടുത്ത ചിത്രങ്ങളില്‍, ഷെയ്ഖ് മുഹമ്മദ് തന്റെ വിശ്വസ്തരായ സഹായികള്‍ക്കും സംഘത്തിനും ഒപ്പം മലകള്‍ പര്യവേക്ഷണം ചെയ്യുന്നതു കാണാം. യാത്രയ്ക്ക് സൗകര്യപ്രദമായ കായിക വസ്ത്രങ്ങളും തൊപ്പിയും ധരിച്ചാണ് നടക്കുന്നത്. തവിട്ടുനിറത്തിലുള്ള കന്തൂറയണിഞ്ഞ് സൂര്യപ്രകാശം ആസ്വദിക്കുന്ന ഫോട്ടോ ഏറെ മനോഹരമാണ്. സമൃദ്ധമായ പച്ചപ്പിലൂടെ നടക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

ഇതിനു പുറമേ, ഷെയ്ഖ് മുഹമ്മദ് സഹായികള്‍ക്കൊപ്പം മത്സ്യബന്ധന യാത്രയും നടത്തി. ഫോട്ടോകള്‍ പങ്കിട്ട് 12 മണിക്കൂറിനുള്ളില്‍, പോസ്റ്റുകള്‍ക്ക് 30,000 ലൈക്കുകള്‍ ലഭിച്ചു. ഭരണാധികാരിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന നെറ്റിസണ്‍സിന്റെ നിരവധി കമന്റുകളും കാണാം. ദൈവാനുഗ്രഹവും ദീര്‍ഘായുസും ആശംസിച്ചാണ് കൂടുതല്‍ കമെന്റുകളും.

മറ്റ് ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായി ഷെയ്ഖ് മുഹമ്മദ് പൊതുജനങ്ങളുമായി ഇടപഴകുന്നതില്‍ പ്രശസ്തനാണ്. കഴിഞ്ഞ മാസം ദുബായില്‍ വച്ച് ലിഫ്റ്റില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഇന്ത്യക്കാരനുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയലിന്റെ 22ാം നിലയില്‍ നിന്ന് ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ലിഫ്റ്റില്‍ കയറിയപ്പോഴാണ് ഇന്ത്യന്‍ സംരംഭകനായ അനസ് റഹ്മാന്‍ ജുനൈദിന്റെ കുടുംബവുമായി അദ്ദേഹം സംസാരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത്.

ദുബായ് ഭരണാധികാരുടെ ജന്മദിനത്തിലാണ് അനസിന് അപൂര്‍വമായ അവസരം ലഭിച്ചത്. അനസിന്റെ ഭാര്യ തന്‍സീമും 10 വയസ്സുള്ള മകള്‍ മിഷേലും ഏഴ് വയസ്സുള്ള മകന്‍ ഡാനിയലുമാണ് കൂടെയുണ്ടായിരുന്നത്. ലിഫ്റ്റിന്റെ ഡോര്‍ തുറന്നപ്പോള്‍ അകത്തേക്ക് കയറിയ അദ്ദേഹം വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടതായും തന്റെ മകള്‍ക്ക് ചുറ്റും കൈകള്‍ വച്ച് ആരാണെന്ന് അറിയാമോയെന്ന് ചോദിച്ചതായും അനസ് പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സര്‍പ്രൈസ് എന്നാണ് അദ്ദേഹം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version