Gulf

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് യുഎഇ

Published

on

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്കെതിരെ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. പദ്ധതിയില്‍ ചേരാന്‍ ബാധ്യതയുള്ളവരില്‍ 14 ശതമാനം ജീവനക്കാര്‍ ഇതുവരെ ഇതില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം ജീവനക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. പലതവണ പദ്ധതിയില്‍ ചേരുന്നതിനുള്ള സമയം പുതുക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സമയപരിധി അവസാനിക്കുകയും ചെയ്തിരുന്നു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്ന് 400 ദിര്‍ഹവും രജിസ്റ്റര്‍ ചെയ്ത ശേഷം കൃത്യസമയത്ത് പ്രീമിയം അടയ്ക്കാത്തവരില്‍ നിന്ന് 200 ദിര്‍ഹവുമാണ് പിഴയായി ഈടാക്കുക.

പദ്ധതിയില്‍ ചേരാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. പിഴ അടച്ചില്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തില്‍നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ കുറയ്ക്കാം. പിഴ സംഖ്യ എത്രയാണ് ചുമത്തിയതെന്ന് അറിയാന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ അറിയാനാവും. അംഗീകൃത ബിസിനസ് സേവന കേന്ദ്രങ്ങള്‍ വഴിയും പരിശോധിക്കാവുന്നതാണ്. സേവന കേന്ദ്രങ്ങളില്‍ വഴി പിഴത്തുക അടയ്ക്കുകയും ചെയ്യാം. പിഴസംഖ്യ തവണകളായി സ്വീകരിക്കാന്‍ മന്ത്രാലയം സൗകര്യപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 67 ലക്ഷത്തിലധികം പേര്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലി നഷ്ടമായാല്‍ മൂന്ന് മാസം വരെ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. അവസാനം ലഭിച്ച ശമ്പളം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. പുതിയ ജോലി കണ്ടെത്തുന്നതു വരെ രാജ്യത്ത് തുടരാനുള്ള സാമ്പത്തിക സഹായ പദ്ധതിയാണിത്. ജോലി നഷ്ടമായി രാജ്യംവിട്ടാല്‍ തുക ലഭിക്കില്ല. പുതിയ ജോലിയില്‍ പ്രവേശിച്ചാലും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാം. ഫ്രീ സോണ്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അംഗത്വമെടുത്താല്‍ മതി. ഗാര്‍ഹിക തൊഴിലാളികളെയും താല്‍ക്കാലിക ജോലിക്കാരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വന്തമായി സ്ഥാപനമുള്ള നിക്ഷേപകര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, വിരമിച്ചശേഷം പെന്‍ഷന്‍ ലഭിക്കുകയും മറ്റൊരു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ ചേരുന്നതിന് ഇളവുള്ളത്.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ നാലു മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരേണ്ടതുണ്ട്. ഈ വര്‍ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഈ നിബന്ധന ബാധകമാണ്. യുഎഇയില്‍ പ്രവേശിച്ച ദിവസം മുതലോ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത ദിവസം മുതലോ സ്റ്റാറ്റസ് മാറ്റിയ ദിവസം മുതലോ ഇത് കണക്കാക്കുന്നു. പോളിസി എടുക്കേണ്ടത് ജീവനക്കാരനാണ് എന്നതിനാല്‍ തൊഴിലുടമയ്ക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. എന്നാല്‍, തൊഴിലുടമ താല്‍പര്യപ്പെടുന്ന പക്ഷം ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ട്.

ജോലി നഷ്ടപ്പെടുമ്പോള്‍ കൂടുതല്‍ തുക നഷ്ടപരിഹാരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പോളിസി സ്‌കീം തെരഞ്ഞെടുക്കാന്‍ കഴിയും. അച്ചടക്കത്തിന്റെ പേരില്‍ പിരിച്ചുവിട്ടാന്‍ നഷ്ടപരിഹാരത്തുക ലഭിക്കില്ല. അവസാന ആറ് മാസം കൈപ്പറ്റിയ അടിസ്ഥാന ശമ്പളം കണക്കുകൂട്ടി അതില്‍ നിന്ന് ശരാശരി മാസശമ്പളം കണക്കാക്കി ഈ തുകയുടെ 60 ശതമാനമാണ് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version