ദുബായ്: ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി റെക്കോർഡിട്ട് ദുബായ്. 27 അടി മാത്രം നീളമുള്ള ഹോട്ടലിന്റെ ഹെലിപാഡിലാണ് വിമാനം ഇറക്കിയത്. പോളണ്ടുകാരനായ പൈലറ്റായ ലൂക്ക് ചെപിയേല റെഡ് ബുൾ വിമാനത്തിന്റെ ബുൾസെയ് ലാൻഡിംഗ് നടത്തി റെക്കോർഡിട്ടത്. 39 കാരനായ ചെപിയേല മുൻ റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് വേൾഡ് ചാമ്പ്യൻ കൂടിയാണ്.
വിമാനമിറാക്കാൻ ചെപിയേലയ്ക്ക് രണ്ട് ഫ്‌ളൈബൈ ലാപ്പുകൾ വേണ്ടിവന്നു. മൂന്നാമത്തെ ശ്രമത്തിൽ അദ്ദേഹം വിമാനം വിജയകരമായി ലാൻഡ് ചെയ്തു. എയർബസ് എ 320 ക്യാപ്റ്റനായ ചെപിയേല 2021 മുതൽ ഈ ചരിത്ര നിമിഷത്തിനായി തയ്യാറെടുക്കുകയായിരുന്നു. 400 കിലോഗ്രാം ഭാരമുള്ള വിമാനമാണ് ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ ഇറക്കിയത്. ഭാരം കുറക്കുന്നതിന് വേണ്ടി വിമാനത്തിൽ പരിഷ്‌കാരങ്ങൾ നടത്തിയതും പൈലറ്റായിരുന്നു.
ഹോട്ടലിന്റെ 56-ാം നിലയിലാണ് ലാന്റിംഗ് നടത്തിയത്. വിമാനം ഇവിടെ ലാന്റ് ചെയ്യുകയും പറന്നുയരുകയും ചെയ്തു. 212 മീറ്ററാണ് കപ്പൽ രൂപത്തിലുള്ള ബുർജ് അൽ അറബിന്റെ ഉയരം. അതേസമയം പോളണ്ട്, യു.എസ്, ദുബായ് എന്നിവിടങ്ങളിൽ ഗ്രൗണ്ട് ലെവലിൽ 650 ടെസ്റ്റ് ലാൻഡിംഗുകൾ ലൂക്ക് ചെപിയേല പൂർത്തിയാക്കിയിട്ടുണ്ട്.