ദുബായ്: ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയെ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ഈദ് അവധിയും തൊട്ടുപിറകെ സ്കൂള്‍ വേനല്‍ അവധിയും കൂടി വന്നതോടെ നാടുകളിലേക്കും മറ്റ് വിനോദ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളും. അതുകൊണ്ടു തന്നെ ടിക്കറ്റ് വില റോക്കറ്റ് കണക്കെ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതാദ്യമായാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് ആറ് ദിവസത്തെ അവധി ലഭിക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, ഈദ് അവധികള്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയായിരിക്കും. അതിനോട് ശനി, ഞായര്‍ വാരാന്ത്യം കൂടി ചേര്‍ന്നാണ് ആറ് ദിവസത്തെ അവധി ലഭിക്കുന്നത്. നീണ്ട അവധി പ്രഖ്യാപിക്കപ്പെട്ടതോടെ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ദുബായ് നിവാസികള്‍. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ ഡോട്ട് കോം പറയുന്നത്, ഗ്രൂപ്പ് ടൂറുകള്‍ക്കും അവധിക്കാല പാക്കേജുകള്‍ക്കുമുള്ള ആവശ്യം ഒരു മാസം മുമ്പത്തെ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്തറിനെ അപേക്ഷിച്ച് 47 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഈദുല്‍ അദ്ഹയേക്കാള്‍ 37 ശതമാനവും കൂടുതലാണെന്നാണ്.
സ്വദേശത്തേക്കുള്ള യാത്രയ്ക്കു മുമ്പ് വിദേശ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവരും കുറവല്ല. സ്വദേശികളാവട്ടെ, യുകെ, റഷ്യ, ജോര്‍ജിയ, അര്‍മേനിയ, അസര്ബൈജാന് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും അവധിക്കാലം ചെലവഴിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഗലാദാരി ബ്രദേഴ്സ് ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസ് അവധിക്കാല മാനേജര്‍ മിര്‍ വസീം രാജ പറഞ്ഞു. ഓണ്‍ അറൈവല്‍ വിസ സൗകര്യമുള്ളതിനാല്‍ യുകെ യാത്രയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.
വരും ആഴ്ചകളിലും ശക്തമായ ഡിമാന്‍ഡ് തുടരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. വൈകിയുള്ള ബുക്കിംഗുകള്‍ക്ക് വലിയ ടിക്കറ്റ് നല്‍കേണ്ടിവരുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസമോ അതില്‍ കൂടുതലോ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് വിമാന ടിക്കറ്റുകളില്‍ നല്ലൊരു തുക ലാഭിക്കാനും ആ പണം വിനോദ യാത്രകള്‍ക്കും മറ്റ് അനുഭവങ്ങള്‍ക്കുമായി ചെലവഴിക്കാനും കഴിയുമെന്നും മാനേജര്‍ പറഞ്ഞു.