അബുദാബി: വരുന്ന ഒക്ടോബര്‍ 11ന് ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന കിംവദന്തികള്‍ യുഎഇ അധികാരികള്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലോകവ്യാപകമായി തടസ്സപ്പെട്ടേക്കുമെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ക്കുമായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ കിംവദന്തികള്‍ അവഗണിക്കണമെന്നും എക്സ് പ്ലാറ്റ്ഫോമില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്ത അറിയിപ്പില്‍ ടിഡിആര്‍എ ഓര്‍മിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ ഒരു വാര്‍ത്താ അവതാരകന് ‘പരിമിതമായ സമയത്തേക്ക്’ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെടുമെന്ന് പ്രസ്താവിക്കുന്നതായി കാണിക്കുന്നു. തുടര്‍ന്ന് ഒരു വാര്‍ത്താ ചാനലിലെ ജനപ്രിയ വാര്‍ത്താ പരിപാടിയിലെ ദൃശ്യങ്ങളാണുള്ളത്. സേവനം തടസ്സപ്പെടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇതിലുള്ളത്. എന്നാല്‍, വീഡിയോ കൃത്രിമമാണെന്ന് അറബ്് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
2018ല്‍ സംപ്രേഷണം ചെയ്ത യഥാര്‍ത്ഥ എപ്പിസോഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചാരണം. വാര്‍ത്താ അവതാരകര്‍ മറ്റ് ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ കാണിക്കുകയും ദൃശ്യങ്ങള്‍ മങ്ങുമ്പോള്‍ ഇന്റര്‍നെറ്റ് തടസ്സത്തെക്കുറിച്ചുള്ള വ്യാജ ഓഡിയോ അതില്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്.
‘സൗര കൊടുങ്കാറ്റ്’കാരണം ഒക്ടോബര്‍ 11ന് ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസ്സമുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു ‘റിപ്പോര്‍ട്ട്’. ഈ ദിവസം ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന് ടിഡിആര്‍എ വ്യക്തമാക്കി.