ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായി ആയിരത്തി അഞ്ഞൂറിലധികം മരണം. തുര്‍ക്കിയില്‍ മാത്രം 912 പേര് മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയില്‍ 560 മരണവും സ്ഥിരീകരിച്ചു. അതിനിടെ തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ രണ്ടാമതും ഭൂചലനമുണ്ടായി.
തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ സിറിയിന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കഹ്രമാന്മരാസില് പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയായിരുന്നു 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. തുര്‍ക്കിയില്‍ 24 കിലോമീറ്റര്‍ ചുറ്റളവില്‍ 10 പ്രവിശ്യകളെ ഭൂചലനം ബാധിച്ചു. നിരവധി കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി.
ആയിരക്കണക്കിനുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് പ്രസിഡന്റ് റസിപ് തയിപ് എര്ദോഗന് പറഞ്ഞു, അതിനിടെ വൈകിട്ട് രണ്ടാമതും ഭൂചലനമുണ്ടായി.
സിറിയയിലും കനത്ത നാശമാണ് ഉണ്ടായത്. സിറിയന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഭൂചലനം. മൂന്നുലക്ഷത്തോളം അഭയാര്‍ഥികള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കണക്ക്. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിലും കനത്ത നാശനഷ്ടമുണ്ടായി. യു.എസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ നാല്പതിലധികം രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്തു.