റിയാദ്: അറേബ്യന്‍ കുതിരകളെ സംരക്ഷിക്കാന്‍ സൗദി അറേബ്യ നിയമം കര്‍ക്കശമാക്കി. മൃഗങ്ങളുടെ മികച്ച ഇനങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് അറേബ്യന്‍ കുതിരകളെ ഉള്‍പ്പെടുത്തിയത്. ലൈസന്‍സില്ലാതെ കുതിരകളെ ലേലം ചെയ്താല്‍ സൗദി അധികൃതര്‍ 500,000 റിയാല്‍ വരെ (1,10,80,919 രൂപ) പിഴ ചുമത്തും.
അറേബ്യന്‍ കുതിരകള്‍ക്കുള്ള നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ലേലത്തിന് 100,000 റിയാല്‍ പിഴചുമത്തും. കുതിരയോട്ട മല്‍സരം സംഘടിപ്പിക്കുന്നവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംഘാടകര്‍ക്ക് പരമാവധി 500,000 റിയാല്‍ പിഴ ചുമത്തും. മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്ന സമയത്ത് കുതിരകളുടെ സംരക്ഷണത്തിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ 300,000 റിയാല്‍ പിഴയായി ഈടാക്കുമെന്ന് ഒകാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പണ്ടുകാലത്ത് മരുഭൂമിയില്‍ വളര്‍ത്തിയിരുന്ന അറേബ്യന്‍ കുതിരകളുടെ തനത് വംശത്തെ സംരക്ഷിക്കുന്നതിന് റിയാദില്‍ കിങ് അബ്ദുല്‍ അസീസ് അറേബ്യന്‍ ഹോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സൗദി അറേബ്യയുടെ സ്ഥാപകന്റെ പേരിലുള്ള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സൗദി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. 1961ലാണ് കേന്ദ്രം സ്ഥാപിതമായത്. റിയാദില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള കാര്‍ഷിക പ്രദേശമായ ദിറാബില്‍ 10 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അറേബ്യന്‍ ഹോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
അറേബ്യന്‍ കുതിരകളുടെ പൈതൃകം സംരക്ഷിക്കുന്നതിനും പ്രജനനം മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം സ്ഥാപിച്ചത്. പണ്ടുകാലത്ത് മരുഭൂമിയില്‍ വളര്‍ത്തിയിരുന്ന അറേബ്യന്‍ കുതിരകളുടെ തനത് വംശത്തെ ഇപ്പോഴും ഇവിടെ സംരക്ഷിച്ചുവരുന്നു. കലര്‍പ്പില്ലാത്ത തനത് പാരമ്പര്യ ഇനത്തില്‍പെട്ട യഥാര്‍ത്ഥ അറേബ്യന്‍ കുതിരകളെ സംരക്ഷിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിരുനിനു.
ലോക അറേബ്യന്‍ കുതിര സംഘടനകളില്‍ കിങ് അബ്ദുല്‍ അസീസ് അറേബ്യന്‍ ഹോഴ്‌സ് സെന്ററാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. കുതിരകളുടെ ക്ഷേമം, രജിസ്‌ട്രേഷന്‍, സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് സെന്ററിന്റെ പ്രവര്‍ത്തനം.
ബബൂണ്‍ കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നത് കുറ്റകരം
റിയാദ്: ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പുമായി സൗദി മൃഗസംരക്ഷണ വകുപ്പ്. ഇത്തരം കുരങ്ങുകള്‍ പെരുകിയ മേഖലകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചുവരികയാണ്. സഞ്ചാരികളും വാഹനയാത്രക്കാരും തീറ്റ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും.
അല്‍ബാഹയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പുതുതായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വാണിങ് ഉപകരണമടക്കമുള്ള വയര്‍ലെസ് ക്യാമറയാണിത്. ബബൂണ്‍ കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നതിന് വിലക്കുണ്ടെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും ക്യാമറകള്‍ക്കു താഴെ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയോട് ചേര്‍ന്നുള്ള വാണിങ് ഉപകരണം കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന ശബ്ദസന്ദേശം നല്‍കുകയും സൈറണ്‍ മുഴക്കുകയും ചെയ്യും.
കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നത് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത് മൃഗസംരക്ഷണ വകുപ്പ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും 500 റിയാല്‍ പിഴ ചുമത്തിമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആളുകള്‍ തീറ്റ നല്‍കുന്നതാണ് ബബൂണ്‍ കുരങ്ങുകള്‍ പെരുകാന്‍ കാരണമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറയുന്നു.