Gulf

ടൂറിസം തന്നെ മുഖ്യലക്ഷ്യം; പ്രതിവര്‍ഷം 1.3 കോടി യാത്രികരെ ലക്ഷ്യമിട്ട് അബഹയില്‍ പുതിയ വിമാനത്താവളം. മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി

Published

on

അബഹ: എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നു. പ്രതിവര്‍ഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ടെര്‍മിനലുകളും സജ്ജമാക്കുന്നത്.

പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാന്‍ സൗദി അറേബ്യ പുറത്തിറക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ് പുതിയ വിമാനത്താവളത്തിന്റെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് അസീര്‍ മേഖല. എല്ലായ്‌പ്പോഴും നല്ല തണുപ്പ് ലഭിക്കുന്ന കോടമഞ്ഞ് നിറഞ്ഞ പ്രദേശം വിനോദസഞ്ചാരികളുടെയും ഒഴിവുകാല യാത്രികരുടെയും സൗദിയിലെ ഇഷ്ടകേന്ദ്രമാണ്.

അസീറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 90,000 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാവും. ടെര്‍മിനല്‍ ഏരിയ നിലവിലെ 10,500 ചതുരശ്ര മീറ്ററില്‍ നിന്ന് 65,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കുമെന്നും മാസ്റ്റര്‍പ്ലാന്‍ വ്യക്തമാക്കുന്നു.

നിലവിലുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 15 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ഇത് പത്തിരട്ടിയായി വര്‍ധിപ്പിക്കും. ഇപ്പോള്‍ 30,000 വിമാനങ്ങളാണ് പ്രതിവര്‍ഷം ഇവിടെ കൈകാര്യം ചെയ്യുന്നത്. 2028ല്‍ ഇത് മൂന്നിരട്ടിയാവും. പുതിയ വിമാനത്താവളത്തില്‍ 20 ഗേറ്റുകളും 41 ചെക്ക്ഇന്‍ കൗണ്ടറുകളും 7 പുതിയ സെല്‍ഫ് സര്‍വീസ് ചെക്ക്ഇന്നുകളും ഉണ്ടായിരിക്കും.

പദ്ധതിയുടെ ആദ്യഘട്ടം 2028ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിപുലീകരണത്തില്‍ യാത്രക്കാര്‍ക്കുള്ള പുതിയ പാത, യാത്രക്കാര്‍ക്കുള്ള ഇലക്ട്രോണിക് സ്വയം സേവന സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അസീര്‍ മേഖലയുടെ വാസ്തുവിദ്യാ സ്വത്വവും സൗദി സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് വിമാനത്താവള ടെര്‍മിനലിന്റെ ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അസീര്‍ മേഖലയുടെ ടൂറിസം വികസനത്തില്‍ പുതിയ വിമാനത്താവളം വലിയ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ എല്ലാ മെഗാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അത്യാധുനിക വിമാനത്താവളവും മറ്റ് ഗതാഗത ശൃംഖലകളും വിപുലപ്പെടുത്തുകയെന്നത് സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പുതിയ വിമാനത്താവളങ്ങളും എയര്‍ലൈനുകളും സജ്ജമാക്കിവരികയാണ് സൗദി. റിയാദ് എയര്‍ എന്ന പുതിയ വിമാനക്കമ്പനിയും രൂപീകരിച്ചിരുന്നു.

റോഡ് ഗതാഗതം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര, ആഭ്യന്തര വിമാനാ യാത്രാ സൗകര്യങ്ങള്‍ വിപുലീകരിക്കുക എന്നീ മേഖലകളില്‍ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്നു. ജിദ്ദ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version