തക്കാളിയടക്കം പച്ചക്കറിയുടെ വില കുത്തനെ കൂടിയതോടെ വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍. കുതിച്ചുയരുന്ന വിലയില്‍ കടുത്ത ആശങ്കയുടെ പുകയാണ് ഹോട്ടലുകളില്‍ നിന്നുയരുന്നത്.
മാർക്കറ്റിൽ കത്തുന്ന തക്കാളിയുടെ ഹോട്ടലിലെ അവസ്ഥയെ പറ്റി നേരിട്ടറിയാനിറങ്ങിയതാണ്. തക്കാളിയെ ഹോട്ടലുടമകൾ എങ്ങനെയാണ് കൈകകാര്യം ചെയ്യുന്നത് എന്നറിയാൻ. എല്ലാ വിഭവങ്ങൾക്കും തക്കാളി അനിവാര്യമാണ് എന്നിരിക്കെ ഹോട്ടലുകളിൽ തലകറങ്ങുന്ന അവസ്ഥയിലാണ്. തക്കാളി മാത്രമല്ല, ഇഞ്ചിയും പച്ചമുളകും എല്ലാം ഒന്നിനൊന്ന് ബാധ്യത. ഓരോ ദിവസത്തെ വിലയും വിലയിൽ വരുന്ന മാറ്റവും കണ്ട് അന്താളിക്കാനെ വഴിയൊള്ളൂ.
പച്ചക്കറി വിലകൂടിയെന്ന് വിചാരിച്ച് ഹോട്ടലിലെ ഉപയോഗം കുറക്കാനാകില്ല. ഭക്ഷണത്തിന്റെ വിലക്കൂട്ടാനുമാകില്ല. എല്ലാം കൂടിയാകുമ്പോൾ ആകെ മൊത്തം ഇരുട്ടടി. കഴിഞ്ഞ ദിവസം ഹോൾസെയിൽ നിരക്കിൽ 100 രൂപയായിരുന്നു തക്കാളി നിരക്ക്. ഇന്ന് അത് 110 ആയി. ഇഞ്ചിക്ക് 300 രൂപ. നാളെയും വില കൂടുമെന്നാണ് വിവരം. ആവശ്യത്തിന് തക്കാളി കൂടുതൽ അളവിൽ ശേഖരിച്ച് വച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പക്ഷെ കാര്യമുണ്ടാകുന്നില്ല. ഓരോ തക്കാളിയും പൊന്ന് പോലെ കയ്യിലെടുത്താണ് അരിഞ്ഞെടുക്കുന്നത്.
കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം ഹോട്ടൽ മേഖലയെയും കുത്തുപാളയെടുപ്പിക്കുന്ന സ്ഥിതിയാണ്. ചെറുകിട ഹോട്ടലുകളുകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. വരും ദിവസങ്ങളിലെ വിലവർധനവിനെ പറ്റിയുള്ള ആശങ്കയിലാണ് ഓരോ ഹോട്ടലുകളിലും അടുപ്പ് പുകയുന്നത്..