റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ശേഷം തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രതിസന്ധിയിലായ മൂന്ന് ഇന്ത്യന്‍ വനിതകള്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ വനിതകള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടുകയായിരുന്നു.
റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി അധികൃതരില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് ലഭിച്ചതോടെയാണ് മടക്കയാത്ര സാധ്യമായത്. വിഷയത്തില്‍ ആവശ്യമായ സഹായം നല്കിയ സൗദി അധികാരികളോട് ജനുവരി 14 ഞായറാഴ്ച എംബസി എക്സ് പ്ലാറ്റ്ഫോമില്‍ നന്ദി രേഖപ്പെടുത്തി.
എംബസി ഉദ്യോഗസ്ഥനും സമൂഹികപ്രവര്ത്തകയും മൂന്ന് തൊഴിലാളികളേയും വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കുന്നതിന്റെ ചിത്രവും എംബസി പങ്കിട്ടു. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വനിതാ തൊഴിലാളികള്‍ അടുത്തിടെ എംബസിയുടെ സഹായം തേടിയതെന്നും സൗദി അധികാരികളുടെ സഹായത്തോടെ സുരക്ഷിതമായി തിരിച്ചയച്ചതായും പോസ്റ്റില്‍ പറയുന്നു.
31 വര്‍ഷമായി സൗദി അറേബ്യയില്‍ രേഖകളില്ലാതെയും അസുഖം ബാധിച്ചും കുടുങ്ങിയ മലയാളിയായ ബാലചന്ദ്രന് പിള്ള അടുത്തിടെ റിയാദ് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.