ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ വെടിവെപ്പിൽ മൂന്ന് മരണം. ബിഷ്ണുപുർ ജില്ലയിലെ ക്വാക്ത മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മെയ്തെയ് വിഭാഗക്കാരാണ് വെടിയേറ്റുമരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കുക്കി സമുദായക്കാരുടെ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു.
വെടിവെപ്പിന് പിന്നാലെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ കുക്കി വിഭാഗവും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുക്കി വിഭാഗം വെടിയുതിർത്തതോടെ മണിപ്പൂർ പോലീസും കമാൻഡോകളും തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു കമാൻഡോയുടെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവെപ്പ് ഉണ്ടായതോടെ ബിഷ്ണുപൂരിൽ സ്ഥിതി അതീവ ഗുരുതരമാണ്. മെയ്തെയ് സമുദായത്തിൽ നിന്നുള്ള മൂന്നുപേർ കൊല്ലപ്പെട്ടതായി ബിഷ്ണുപൂർ പോലീസ് സ്ഥിരീകരിച്ചു. കുക്കി സമുദായത്തിന്റെ നിരവധി പ്രതിഷേധക്കാർ വീടുകൾക്ക് തീയിട്ടതായും പോലീസ് അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് അർധസൈനിക വിഭാഗത്തെ വിന്യസിച്ചു.
നിരോധിത മേഖലയിലേക്ക് കടന്നവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയുള്ള പ്രദേശത്തെയാണ് സംഘർഷം കണക്കിലെടുത്ത് നിരോധിത മേഖലയായി കണക്കാക്കുന്നത്.
വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായത്. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പോലീസും കണ്ണീർവാതകം ഉപയോഗിച്ചു. സംഘർഷത്തിന് പിന്നാലെ വെടിവെപ്പ് ഉണ്ടായതോടെ മുൻപ് പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു. നിയന്ത്രണം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.
മൂന്ന് മാസം മുൻപ് ആരംഭിച്ച കലാപത്തിൽ മണിപ്പൂരിൽ ഇതുവരെ 160ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മെയ് മൂന്നിന് മെയ്തെയ് വിഭാഗക്കാർക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയോടെയാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്.