India

ഇത് പോരാട്ടത്തിന്റെ ആദ്യപടി, പുതിയ ഫെഡറേഷന്‍ അനുസരിച്ച് വിരമിക്കലില്‍ അന്തിമ തീരുമാനമെടുക്കും:സാക്ഷി

Published

on

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സാക്ഷി മാലിക്. ഇത് പോരാട്ടത്തിന്റെ ആദ്യപടിയാണ്. പുതിയ ഫെഡറേഷന്‍ അനുസരിച്ച് വിരമിക്കലില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാക്ഷി വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര നടപടിയില്‍ വ്യക്തതയില്ലെന്നും സാക്ഷി പറഞ്ഞു. ‘കേന്ദ്രത്തിന്റെ തീരുമാനത്തെ കുറിച്ചുള്ള കത്ത് ഞാന്‍ കണ്ടിട്ടില്ല. സഞ്ജയ് സിങ്ങിനെ മാത്രമാണോ മുഴുവന്‍ ഫെഡറേഷനെയും പിരിച്ചുവിട്ടോ എന്നും അറിയില്ല’, സാക്ഷി പറഞ്ഞു. ഞങ്ങളുടെ പോരാട്ടം സര്‍ക്കാരിനെതിരെയല്ല, വനിതാ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിയാണ്. വളര്‍ന്നുവരുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്’, സാക്ഷി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുസ്തി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്‍. 12 വര്‍ഷം ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് കാലം തെളിയിക്കും. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ് തന്റെ ബന്ധുവല്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

‘ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടന്നത് ജനാധിപത്യ രീതിയിലാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര നടപടിയില്‍ സര്‍ക്കാരുമായി സംസാരിക്കണോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യണമെന്നത് ഫെഡറേഷന്‍ അംഗങ്ങളുടെ തീരുമാനമാണ്. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല’, ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version