മദീന: ഹജ്ജ് കരാറൊപ്പിടുന്നതിനായി ജിദ്ദയിലെത്തിയ ഇന്ത്യന്‍ വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന്‍ ഇറാനിയും വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും ഇസ്ലാമിലെ വിശുദ്ധ നഗരങ്ങളിലൊന്നായ മദീനയില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തി. പ്രവാചക പള്ളിയായ മദീന മസ്ജിദുന്നബവി, ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയായ ഖുബാ മസ്ജിദ്, ആദ്യകാല ഇസ്ലാമിക രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലമായ ഉഹ്ദ് മല എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം മന്ത്രിമാരെ അനുഗമിച്ചു. മദീന മര്‍കസിയ ഏരിയയിലെ പ്രവാചകന്റെ പള്ളിയുടെ ചുറ്റുമുള്ള സ്ഥലങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിച്ചത്. മസ്ജിദിനകത്തേക്കും റൗദ ശരീഫിലേക്കും പ്രവേശിച്ചില്ല.
പ്രവാചകന്റെ പള്ളി സ്ഥിതിചെയ്യുന്ന പുണ്യകേന്ദ്രങ്ങളും പരിസരവും കാണാന്‍ സാധിച്ചത് അസുലഭ ഭാഗ്യമായി കരുതുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇതൊരു ചരിത്രമാണെന്നും സൗദി സന്ദര്‍ശനത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നും അഭിപ്രായപ്പെട്ട സ്മൃതി ഇറാനി സൗദി അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തി.
ജിദ്ദയില്‍ നിന്ന് ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനിലാണ് കേന്ദ്ര മന്ത്രിമാരും സംഘവും മദീനയിലെത്തിയും സന്ദര്‍ശനശേഷം തിരികെ ജിദ്ദയിലേക്ക് മടങ്ങിയതും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്കൊപ്പം സൗദി അധികൃതരും ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംഘം അവലോകനം ചെയ്തു.
ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സമര്‍പ്പിതവും നിസ്വാര്‍ത്ഥവുമായ സേവനം നല്‍കുന്ന ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരുമായി പ്രതിനിധി സംഘം സംവദിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുമായും ആശയവിനിമയം നടത്തി. വരാനിരിക്കുന്ന ഹജ്ജ് വേളയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ കേന്ദ്ര സംഘം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ക്ക് സുഖകരവും സംതൃപ്തവുമായ സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയും സൗദിയും ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങള്‍ പങ്കിടുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ മദീന സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയ സൗദി ഹജ്ജ്- ഉംറ മന്ത്രാലയത്തെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.