ചെന്നൈ: മോഷണത്തിനിടെ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളന് പൊലീസ് പിടിയില്‍. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്. മോഷണം നടത്തുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന മദ്യവും ബിരിയാണിയും കഴിച്ചതോടെ ക്ഷീണം തോന്നിയ യുവാവ് ഉറങ്ങിപ്പോകുകയായിരുന്നു.
ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വീട്ടിലാണ് പ്രതി കവര്‍ച്ചക്കായി എത്തിയത്. മദ്യപിച്ചെത്തിയ ഇയാല്‍ മേല്‍ക്കൂരയിലെ ഓട് ഇളക്കിയാണ് അകത്ത് കടന്നത്. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ കൂട്ടിയിട്ടു.
വീടിന്റെ ഓടുകള്‍ ഇളക്കി മാറ്റിരിക്കുന്നത് കണ്ട സമീപവാസികള്‍ വിവരം വെങ്കിടേശിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുടമ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി. വീട് തുറന്നുനോക്കിയപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതാണ് കണ്ടത്. അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥന്‍ മൊഴി നല്കി.