Gulf

സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

Published

on

റിയാദ്: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്.

നിലവില്‍ സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ജിദ്ദ, റിയാദ്, ദമ്മാം ഉള്‍പ്പെടെ സൗദിയുടെ ഏതാനും ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങള്‍ കണക്ഷന്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെയും മക്കയിലേക്കുള്ള തീര്‍ത്ഥാടകരേയും ദോഷകരമായി ബാധിക്കാന്‍ തുടങ്ങിട്ട് കാലങ്ങളായെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം നേരിട്ടുള്ള സര്‍വീസിന് അനുമതി നല്‍കുന്നില്ല.

നേരിട്ട് സര്‍വീസ് ഇല്ലാത്തതും ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുകയും ചെയ്യുന്നതിനാല്‍ അടിയന്തര ചികിത്സ വേണ്ട രോഗികള്‍ക്കും അപകടം സംഭവിച്ചവര്‍ക്കും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനും കാലതാമസം നേരിടുന്നു.

യാത്രാസൗകര്യം പരിഗണിച്ച് സൗദി എയര്‍ലൈന്‍സ്് കോഴിക്കോട് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. നേരത്തെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നതിനാല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കോട്ടക്കല്‍ മണ്ഡലം ടീമിനെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ന്യൂഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സ്മാരക സൗധത്തിനായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

മലാസില്‍ വെച്ച് നടന്ന യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൂവാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ മുല്ലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുറമണ്ണൂര്‍, ഫൈസല്‍ കൊന്നക്കാട്ടില്‍, ഇസ്മാഈല്‍ പൊന്മള, മുഹമ്മദ് ദിലൈബ്, സിറാജുദ്ധീന്‍ അടാട്ടില്‍, മുഹമ്മദ് ഫാറൂഖ്, അബ്ദുല്‍ ഗഫൂര്‍ ആക്കപ്പറമ്പ്, മുഹമ്മദ് കല്ലിങ്ങല്‍, ഹാഷിം വളാഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് ഫര്‍ഹാന്‍ കാടാമ്പുഴ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version