കൊച്ചി: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടും. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് മുമ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്റെ തീരുമാനം.
ബുധനാഴ്ചയും മറ്റെന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. സിനിമ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണ ഉണ്ടാക്കിയത്. എന്നാല്‍, ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
തീയറ്ററുകളില്‍ നല്ല തിരക്കുണ്ടായ ചിത്രമായ 2018 നാളെ ലിവ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം ഇറങ്ങി 33ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തിയറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ‘ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. തീയറ്റര്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണ്. റിലീസ് ചെയ്ത ചിത്രങ്ങള്‍ നേരത്തെ ഒടിടിയില്‍ എത്തുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സിനിമ കാണാനായി തീയറ്ററില്‍ എത്തുന്നില്ലെന്നും’ ഉടമകള്‍ പറഞ്ഞു.