Gulf

സൗദിയില്‍ വീണ്ടും മെര്‍സ് പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന; രണ്ടു പേര്‍ മരിച്ചു

Published

on

റിയാദ്: മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (MERS-CoV) അഥവാ മെര്‍സ് വൈറല്‍ രോഗം സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇവരില്‍ രണ്ടു പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

സൗദി ആരോഗ്യ മന്ത്രാലയമാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 13നും 2024 ഫെബ്രുവരി ഒന്നിനും ഇടയിലാണ് നാല് പേര്‍ക്ക് മെര്‍സ് രോഗബാധ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബര്‍ 26നാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ദ്വൈവാര്‍ഷിക റിപോര്‍ട്ടില്‍ വിശദീകരിച്ചു.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം മേഖലകളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയല്‍-ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (RT-PCR) സാങ്കേതികത ഉപയോഗിച്ചാണ് കേസുകളുടെ ലബോറട്ടറി സ്ഥിരീകരണം. രണ്ടു പുരുഷന്‍മാരിലും രണ്ട് സ്ത്രീകളിലുമാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ ആരും തന്നെ ആരോഗ്യ പ്രവര്‍ത്തകരായിരുന്നില്ല. ഇവര്‍ക്ക് മറ്റു ചില രോഗങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 15നും ഒക്ടോബര്‍ 26നും ഇടയില്‍ അഞ്ച് ആഴ്ചകളിലായാണ് നാലു പേരും ചികില്‍സ തേടിയത്. 59 മുതല്‍ 93 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗികള്‍. പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായാണ് ഇവരെത്തിയത്. ഇവരില്‍ ഒരാള്‍ ഒക്ടോബര്‍ 19നും മറ്റൊരാള്‍ ഡിസംബര്‍ 24 നും മരണമടഞ്ഞു.

ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് നേരത്തേ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പുതുതായി മെര്‍സ് രോഗം സ്ഥിരീകരിച്ച നാലു പേരില്‍ ഒരാള്‍ ഒട്ടക ഉടമയായിരുന്നു. മറ്റൊരാള്‍ക്ക് ഒട്ടകങ്ങളുമായി പരോക്ഷമായി ബന്ധപ്പെട്ട ചരിത്രമുണ്ട്. ഇയാളുടെ കുടുംബാംഗങ്ങള്‍ ഒട്ടക ഉടമകളായിരുന്നു. മറ്റ് രണ്ട് കേസുകളില്‍, രോഗബാധയുണ്ടാവുന്ന സാഹചര്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ വ്യക്തമായ സൂചനകളൊന്നുമില്ല.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 14 ദിവസങ്ങള്‍ക്ക് മുമ്പ് അവരാരും അസംസ്‌കൃത ഒട്ടകപ്പാല്‍ കഴിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവര്‍ക്ക് സാംക്രമികരോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സൗദിയില്‍ 2012ലാണ് ആദ്യ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,200 പേരില്‍ രോഗം കണ്ടെത്തി. ഇവരില്‍ 858 പേര്‍ മരണമടഞ്ഞു. 27 രാജ്യങ്ങളില്‍ മെര്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം 2,609 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 939 പേര്‍ മരിക്കുകയുമുണ്ടായി. ലോകത്തെ ആകെ രോഗബാധിതരില്‍ 84 ശതമാനവും മരിച്ചവരില്‍ 91 ശതമാനവും സൗദി അറേബ്യയില്‍ നിന്നുള്ളവരാണ്. പുതിയ നാല് കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

2019 മുതല്‍ മിഡില്‍ ഈസ്റ്റിന് പുറത്തുള്ള രാജ്യങ്ങളില്‍ മെര്‍സ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാംക്രമിക രോഗമായതിനാല്‍ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഏറ്റവും പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി അപകടസാധ്യത വിലയിരുത്തുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version