Gulf

ബഹിരാകാശത്തെ സുല്‍ത്താന് യുഎഇയില്‍ രാജകീയ വരവേല്‍പ്

Published

on

അബുദാബി: എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിട്ട മരുഭൂവിന്റെ നാട്ടിലേക്ക് ബഹിരാകാശത്തെ കൂടി സുല്‍ത്താനായി അല്‍നെയാദി തിരിച്ചെത്തുമ്പോള്‍ യുഎഇക്ക് ശാന്തമായിരിക്കാനാവില്ല. ആറുമാസത്തിലധികം നീണ്ട ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി മാതൃരാജ്യത്ത് തിരിച്ചെത്തിയ യുഎഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍നെയാദിക്ക് വീരോചിത സ്വീകരണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഏറ്റവുമധികം കാലം താമസിച്ച അറബ് യാത്രികന്‍, ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് യാത്രികന്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ച 42കാരന് രാജ്യം ഗംഭീര വരവേല്‍പ് നല്‍കി.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്നിവര്‍ ചേര്‍ന്ന് രാജ്യത്തിന്റെ വീരനായകനെ സ്വീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സെപ്തംബര്‍ നാലിന് ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ അല്‍നെയാദി ഫ്‌ലോറിഡയിലും ടെക്‌സാസിലും വിശ്രമിക്കുകയും വൈദ്യപരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാവുകയും ചെയ്തിരുന്നു.

‘സുല്‍ത്താന്‍ ഹോം കമിങ്’ എന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം യാത്രാനുഭവങ്ങള്‍ പങ്കുവച്ചു. ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എങ്ങനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍, താന്‍ ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഉറക്കമാണെന്ന് അല്‍നെയാദി പ്രതികരിച്ചു. സമയക്കുറവ് മൂലം കിട്ടാതെ പോയ വിശ്രമവേള ആസ്വദിക്കാനാണ് രണ്ടാമത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദൗത്യം ഒരു വ്യക്തിയുടെ ബഹിരാകാശ യാത്രയെ മാത്രമല്ല, നമ്മുടെ മുഴുവന്‍ രാജ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരശ്ശീലയ്ക്ക് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ബഹിരാകാശ സുല്‍ത്താന്‍’ എന്ന പദവി തനിക്ക് നല്‍കപ്പെട്ടതില്‍ അഭിമാനമുണ്ടെങ്കിലും ഈ പദവി യുഎഇയുടെ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മന്‍സൂറിക്കാണ് ഏറ്റവും ഉചിതമായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യത്തിനായി അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ നടത്തിയതു മുതല്‍ 180 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചത് വരെയുള്ള കാലം ജീവിതകാലത്തെ ഏറ്റവും വലിയ അനുഭവമാണെന്നും അല്‍ നെയാദി കൂട്ടിച്ചേര്‍ത്തു.

അല്‍ നെയാദിയെ സ്വാഗതംചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നലെ തെളിയിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന അല്‍ നെയാദി 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം സപ്തംബര്‍ മൂന്നിനാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version