ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായം എന്ന നിലയിൽ വനിതാശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി വഴി ഒരുലക്ഷം രൂപ കഴിഞ്ഞദിവസം നൽകിയിരുന്നു. ബാക്കി ഒൻപതുലക്ഷം രൂപ കൂടി കുടുംബത്തിന് നൽകും.
വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയെ പിറ്റേദിവസം ആലുവ മാർക്കറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അറസ്റ്റിലായ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തെ (28) പോലീസ് 10 ദിവസം കസ്റ്റഡിയിൽ വാങ്ങി. കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ ശ്രമം. പ്രതി കുട്ടിയുമായി പോയ സിസിടിവി ദൃശ്യങ്ങൾ, കുട്ടിയെ മറവ് ചെയ്യാൻ പ്രതി ഉപയോഗിച്ച വലിയ കല്ലുകൾ എന്നിവയെല്ലാം തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിൽ തുടരുന്ന പ്രതിയെ ഇയാൾ താമസിച്ചിരുന്ന വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പിനായി എത്തിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് തെളിവെടുപ്പ് എന്നാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്ന കാര്യത്തിലും രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് എറണാകുളം റേഞ്ച് ഡിഐജി എ ശ്രീനിവാസ് അറിയിച്ചിട്ടുണ്ട്.
പ്രതിയുടെ മുഴുവൻ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ടെന്നു ഡിഐജി പറഞ്ഞിരുന്നു. പ്രതി കുറ്റക്കാരനായ 2018ലെ ഡൽഹിയിലെ പീഡനക്കേസിന്റെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നടത്തിയ യാത്രകൾ, തെളിവു നശിപ്പിക്കാൻ ശ്രമം നടത്തിയോ എന്നീ കാര്യങ്ങളും അന്വേഷിച്ചുവരികയാണ്. റൂറൽ എസ്പിയുടെ നേതൃത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവരുന്നത്.