Sports

പർപ്പിൾ നൈറ്റ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ചാമ്പ്യൻസ്

Published

on

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. വെറും 113 റൺസിൽ ഓറഞ്ച് പട തകർന്നുവീണു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്. 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ. എയ്ഡാൻ മാക്രം 20 റൺസെടുത്ത് പുറത്തായി.

കൊൽക്കത്ത നിരയിൽ ആന്ദ്ര റസ്സൽ മൂന്ന് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത അനായാസം ലക്ഷ്യത്തിലെത്തി. സൺറൈസേഴ്സ് ഉയർത്തിയ ലക്ഷ്യം മറികടക്കാൻ കൊൽക്കത്തയ്ക്ക് വെറും 10.3 ഓവറും രണ്ട് വിക്കറ്റും മതിയായിരുന്നു. ആറ് റൺസെടുത്ത സുനിൽ നരേന്റെയും 39 റൺസെടുത്ത റഹ്മനുള്ള ​ഗുർബസിന്റെയും വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.​ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീടമാണിത്. മുമ്പ് 2012ലും 2014ലും കൊൽക്കത്ത കിരീടം നേടി. വെങ്കിടേഷ് അയ്യർ 52 റൺസോടെയും ശ്രേയസ് അയ്യർ രണ്ട് റൺസോടെയും പുറത്താകാതെ നിന്നു.

ടീമിലേക്കുള്ള തിരിച്ചുവരവിൽ കിരീടം നേടാനായത് ​ഗൗതം ​ഗംഭീറിനും ​സന്തോഷമേകുന്നു. ഇത് മൂന്നാം തവണയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലിന്റെ ഫൈനൽ കളിക്കുന്നത്. മുമ്പ് 2016ൽ ആദ്യമായി ഐപിൽ ഫൈനൽ കളിച്ച ഹൈദരാബാദിന് കിരീടം നേടാൻ കഴിഞ്ഞു. എന്നാൽ 2018ലും 2024ലും ഫൈനലിൽ പരാജയപ്പെടാനായിരുന്നു സൺറൈസേഴ്സിന്റെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version