India

പൈലറ്റിനെ മര്‍ദ്ദിച്ചത് ഹണിമൂണ്‍ യാത്ര വൈകിയതിനാൽ; ഇൻഡിഗോ അക്രമത്തിൽ യുവാവ്

Published

on

ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഞായറാഴ്ച രാവിലെ 7:40ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥയെത്തുടർന്നാണ് 13 മണിക്കൂറോളം വൈകിയത്. വിമാനത്തിനുള്ളിൽ യാത്രക്കാരുമായി സംസാരിക്കുകയായിരുന്ന സഹപൈലറ്റ് അനൂപ് കുമാറിനെയാണ് സാഹിൽ കതാരിയ മർദ്ദിച്ചത്. ഗോവയിലേക്ക് ഹണിമൂണിന് പോവുകയായിരുന്നു ഇയാൾ. അക്രമത്തിന് പിന്നാലെ ഇയാളെ വിമാനത്തിൽ നിന്നിറക്കി. തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്തയുടൻ സാഹിൽ ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപെട്ട് ഇയാളെ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രക്കാരെതിരെ പരാതി നൽകിയെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു.

അതേസമയം വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാർഗരേഖ കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ) പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ ഇൻഡിഗോ വിമാനത്തിലെ അതിക്രമത്തിന് പിന്നാലെയാണ് ഡിജിസിഎ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

വിമാനങ്ങൾ വൈകുമ്പോഴും റദ്ദാക്കുമ്പോഴും തത്സമയ വിവരങ്ങൾ എർലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ഡിജിസിഎ നിർദ്ദേശം. വിവരങ്ങൾ മുൻകൂട്ടി എസ്എംഎസിലൂടെയോ വാട്സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ യാത്രക്കാരെ അറിയിക്കണം. എന്നാൽ എയർലൈനുകളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ അസാധാരണ സാഹചര്യങ്ങളിൽ ഈ വ്യവസ്ഥകൾ ബാധകമായിരിക്കില്ലെന്നും യാത്രക്കാർ എയർലൈനുകളുമായും, വിമാനത്തിലെ ജീവനക്കാരുമായും സഹകരിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version