മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ലഗേജിൽ നിന്ന് വിലപിടിപ്പുളള പാമ്പുകളെ പിടിച്ചെടുത്തു. 11 പാമ്പുകളാണ് ലഗേജിലുണ്ടായിരുന്നത്. ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ യുവാവിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച കസ്റ്റംസിന്റെ പരിശോധനയ്ക്കിടയിലാണ് പാമ്പുകളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. കേക്കും ബിസ്കറ്റ് പാക്കറ്റുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചു. പൊതി തുറന്നതും പാമ്പുകൾ പുറത്തുവന്നു. ഒമ്പത് പൈതൻ റെജിയസ് ഇനം പാമ്പുകളെയും രണ്ട് കോൺ പാമ്പുകളെയുമാണ് പിടിച്ചെടുത്തത്.