Bahrain

ബഹ്‌റൈനില്‍ രാഷ്ട്രീയ തടവുകാരുടെ സമരം അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Published

on

മനാമ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബഹ്‌റൈനില്‍ 800ലധികം രാഷ്ട്രീയ തടവുകാര്‍ ഒരു മാസത്തിലധികമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ സംഘടന അറിയിച്ചു. ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുശാസിക്കുന്ന അവകാശങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

തടവുകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചതായും ചില ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് നിയമഭേദഗതികള്‍ ആവശ്യമായതിനാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. തടവുകാര്‍ക്ക് സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാനുള്ള സമയം വര്‍ധിപ്പിക്കുകയും ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശകര്‍ക്കുള്ള സമയവും ഫോണ്‍ ലഭ്യതയും വര്‍ധിപ്പിച്ചു.

ജൗ ജയിലിലെ (ജൗ റിഫോം ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍) തടവുകാരാണ് കഠിനമായ തടങ്കല്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് സമരം നടത്തിവന്നത്. തടവുകാരില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദിവസത്തില്‍ 23 മണിക്കൂറും സെല്ലുകളില്‍ അടച്ചിടുന്നുവെന്നതായിരുന്നു പ്രധാന പരാതി. ചില തടവുകാരെ ഏകാന്ത സെല്ലുകളില്‍ അടച്ചിടുന്നത് അവസാനിപ്പിക്കണമെന്നും ക്രിമനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കരുതെന്നും രാഷ്ട്രീയ തടവുകാര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് 804 തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചത്. മതിയായ ചികില്‍സ ലഭ്യമാക്കുക, ബന്ധുക്കളുടെ സന്ദര്‍ശനങ്ങള്‍ക്കിടെ ചില്ല് മറ ഒഴിവാക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. തടവുകാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

2011 ജൂണ്‍ 22ന് ബഹ്‌റൈനില്‍ അറസ്റ്റിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുള്‍ഹാദി അബ്ദുല്ല ഹുബൈല്‍ അല്‍ഖവാജ ഉള്‍പ്പെടെയുള്ളവരാണ് ഒരു മാസത്തിലധികം നിരാഹാരം കിടന്നത്. ജയിലില്‍ പട്ടിണിസമരം നടത്തുന്ന പിതാവിനെ രക്ഷിക്കാന്‍ രാജ്യത്ത് തിരിച്ചെത്തുമെന്ന് ഡാനിഷ്-ബഹ്‌റൈന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ മറിയം അല്‍ഖവാജ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഡാനിഷ്-ബഹ്‌റൈന്‍ ഇരട്ട പൗരത്വമുള്ള അബ്ദുല്ല ഹുബൈല്‍ അല്‍ഖവാജയെ ഭീകരവാദം കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്. അന്താരാഷ്ട്ര അംഗീകാരമുള്ള അവാര്‍ഡുകള്‍ നേടിയ മനുഷ്യാവകാശ സംരക്ഷകനെ ജയിലിലടച്ചത് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.

ആദ്യമായല്ല അല്‍ഖവാജ ജയിലില്‍ നിരാഹാര സമരം നടത്തുന്നത്. 2012ലാണ് അദ്ദേഹം ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരം ചെയ്തത്. ഈ സമരം 110 ദിവസം നീണ്ടുനിന്നിരുന്നു. 2011ലാണ് അല്‍ഖവാജയെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version