‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. താൻ മോഷ്ടിച്ച് സിനിമ ചെയ്യുന്ന ആളല്ലെന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്നും ഡിജോ പറഞ്ഞു. ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നുവെന്ന് ഡിജോ പറഞ്ഞു. കൊച്ചിയിൽ വാർത്ത സമ്മേളനത്തിലാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്.
‘സിനിമ റിലീസ് ചെയ്ത ആദ്യദിനം മുതലേ സിനിമയെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നു. എന്റെ കയ്യിൽ എല്ലാ വിവരങ്ങളുമുണ്ട്. ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതൽ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയിൽ വന്നവരാണ്. ഇപ്പോൾ ആറു കൊല്ലമായി. കട്ടിട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോൾ മലയാളി ഫ്രം ഇന്ത്യ കോപ്പിയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ. ആദ്യം മനസ്സിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അതിനൊരു കൃത്യത വേണ്ടേ’ ഡിജോ ചോദിച്ചു.
സിനിമകളുടെ പ്രമോഷന് തന്റേതായ രീതിയുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഈ സിനിമയുടെ പ്രമോഷനിൽ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയും. സെക്കൻഡ് ഫാഫിൽ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച ഹ്യൂമർ ആണ് അവർക്ക് കിട്ടുന്നത്. സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപേ പുറത്തുവിട്ട ടീസറിലും സിനിമയുടെ സ്വഭാവമുണ്ടായിരുന്നതായും ഡിജോ കൂട്ടിച്ചേർത്തു.
നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണെന്ന് വാർത്താ സമ്മേളനത്തിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഒരേപോലുള്ള ആശയം ഒന്നിലധികം പേർക്ക് തോന്നാം. മുമ്പ് ഇതേ ആശയത്തിലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നതായും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.