കുവൈറ്റ് സിറ്റി: 32 കാരിയായ ശ്രീലങ്കന്‍ വേലക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വന്‍തുക നഷ്ടപരിഹാരം വിധിച്ച് കുവൈറ്റ് കോടതി. ശ്രീലങ്കന്‍ എംബസി നല്‍കിയ കേസില്‍ വേലക്കാരിക്ക് 21,000 അമേരിക്കന്‍ ഡോളര്‍ (68 ലക്ഷം ശ്രീലങ്കന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ജോലിചെയ്തിരുന്ന വീട്ടിലെ സ്‌പോണ്‍സറുടെ മകനാണ് വേലക്കാരിയെ പീഡിപ്പപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ വിമാന കമ്പനി അധികൃതര്‍ വിഷയം എംബസിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
മകനില്‍ നിന്ന് വേലക്കാരി ഗര്‍ഭംധരിച്ചെന്ന വിവരമറിഞ്ഞ സ്‌പോണ്‍സര്‍ സംഭവം പുറത്തറിയിക്കരുതെന്ന് വേലക്കാരിയെ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെയാണ് വേലക്കാരിയെ സ്വദേശത്തേക്ക് വിമാനം കയറ്റിവിടാന്‍ സ്‌പോണ്‍സര്‍ നീക്കംനടത്തിയത്.
കുവൈറ്റിലെ വിമാനത്താവളത്തിലെത്തിച്ച വേലക്കാരിയുടെ ആരോഗ്യനില വഷളായിരുന്നു. ഇതോടെ യുവതിയെ വിമാനത്തില്‍ കയറ്റാന്‍ വിമാന കമ്പനിയധികൃതര്‍ വിസമ്മതിച്ചു. കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയെ വിവരമറിയിക്കുകയും ചെയ്തു. ശ്രീലങ്കന്‍ എംബസി കുവൈറ്റ് കോടതിയില്‍ നല്‍കിയ കേസില്‍ ദീര്‍ഘനാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധിപ്രസ്താവിച്ചത്.